തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിനും വി.ഡി. സതീശനുമെതിരെ ഉയര്‍ന്ന പരസ്യ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നു. സര്‍ക്കാരിനെതിരെ പരസ്യ നിലപാടെടുത്ത കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പൂര്‍ണ്ണ പിന്തുണയുമായി ഡിസിസി അംഗം നിഖില്‍ പൈലി രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാര്‍ 'മാനേജ്മെന്റ് ക്വോട്ടയില്‍' മുന്‍ എസ്എഫ്ഐക്കാര്‍ക്കും സഖാക്കള്‍ക്കും പദവികള്‍ നല്‍കിയാല്‍ അത് ശക്തമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം തുറന്നടിച്ചു.
തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന പ്രമുഖ അഭിഭാഷകയെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സര്‍ക്കാരിന്റെയും പ്രസ്ഥാനത്തിന്റെയും നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് നിഖില്‍ പൈലി വിമര്‍ശിച്ചത്. 'കഴിഞ്ഞ 10 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍, 1960-ല്‍ തങ്ങള്‍ കെഎസ്യു ആയിരുന്നു എന്ന് പറഞ്ഞ് വന്നാല്‍ അവര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റില്ല,' നിഖില്‍ പൈലി പറഞ്ഞു. യുഡിഎഫില്‍ പാര്‍ട്ടി അണികള്‍ മാത്രമേയുള്ളൂ എന്നും അടിമകള്‍ ഇല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം പ്രതിപക്ഷത്തിരുന്ന് പോലീസിന്റെ തല്ലു വാങ്ങിക്കൂട്ടിയ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുന്നതിലാണ് പ്രതിഷേധം ശക്തമാകുന്നത്. 'കഴിഞ്ഞ 10 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ മര്‍ദ്ദനം ഇരന്നുവാങ്ങിയവരും പുറത്തുനില്‍ക്കുമ്പോഴാണ് സഖാക്കള്‍ക്ക് ഉന്നത പദവികള്‍ വച്ചുനീട്ടുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും സമാനമായ രീതിയില്‍ നിയമനത്തിനെതിരെ പരസ്യമായി രോഷം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയെയും മുന്നണിയെയും അധികാരത്തിലേറ്റാന്‍ തെരുവില്‍ ചോരചിന്തിയ യുവജന പ്രവര്‍ത്തകരെ തഴഞ്ഞ് ഇടത് അനുഭാവികളെ തിരുകിക്കയറ്റുന്നത് മുന്നണിക്കുള്ളില്‍ വന്‍ അസംതൃപ്തിക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.


