‘മന്ത്രിമാരെ തെരുവില്‍ തടയും’ മന്ത്രി കെ എ തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ നേതാവിനെ നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്; പ്രതികരിച്ച് കെഎ തുളസി

പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ചെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. മുണ്ടൂരിലെ ഡിവൈഎഫ്ഐ നേതാവായ നിതിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമിച്ചിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. സതീഷ് തിരുവാലത്തൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി മുഴക്കാനും മുന്‍പന്തിയിലുണ്ടായിരുന്ന ഒരു സഖാവിനെത്തന്നെയാണോ മന്ത്രിയുടെ സ്റ്റാഫില്‍ നിയമിക്കേണ്ടതെന്ന് സതീഷ് ചോദ്യം ചെയ്തു. വ്യക്തിഗത സ്റ്റാഫുകളില്‍ ഇത്തരത്തിലാണ് നിയമനങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വരുംദിവസങ്ങളില്‍ മന്ത്രിമാരെ തെരുവില്‍ തടയുമെന്ന കടുത്ത താക്കീതും യൂത്ത് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളോട് പ്രതികരിച്ച മന്ത്രി കെ.എ. തുളസി, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്കൊപ്പം മണ്ഡലത്തില്‍ ഉടനീളം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് നിതിനെന്ന് വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രിയായ പശ്ചാത്തലത്തില്‍, സാധാരണക്കാരായ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഭരണതലത്തില്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാണുമെന്നും സതീഷ് തിരുവാലത്തൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതിനാല്‍ അണികള്‍ക്ക് വേണ്ടി സര്‍ക്കാരില്‍ ശക്തമായി വാദിക്കാന്‍ കെല്‍പ്പുള്ളതും മന്ത്രിസ്ഥാനമില്ലാത്തതുമായ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സംഘടനയ്ക്ക് അടിയന്തരമായി വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. തെളിവുകളായി ഡിവൈഎഫ്‌ഐ നേതാവിന്റെ ചിത്രങ്ങള്‍ കൂടി പങ്കുവെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ഇതിനിടെ, വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഡിസിസി അംഗം നിഖില്‍ പൈലി രംഗത്തെത്തിയത് മുന്നണിയില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോള്‍, മുന്‍പ് സഖാക്കളായിരുന്നവര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ പദവികള്‍ വെച്ചുനീട്ടുകയാണെങ്കില്‍ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖില്‍ പൈലി വ്യക്തമാക്കി.

ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന കടുത്ത വിവാദമാണ് നിഖില്‍ പൈലിയുടെ പ്രതികരണത്തോടെ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഒരു വ്യക്തിയെയാണ് നിലവില്‍ ഹൈക്കോടതി പ്ലീഡറായി നിയമിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അണികളുടെ പ്രധാന വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷത്തോളം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നവര്‍, ഇപ്പോള്‍ 1960-കളില്‍ തങ്ങള്‍ കെഎസ്യു ആയിരുന്നു എന്ന് അവകാശപ്പെട്ട് വന്നാല്‍ അവര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് നിഖില്‍ പൈലി ചൂണ്ടിക്കാട്ടി. യുഡിഎഫ് രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥതയുള്ള അണികള്‍ മാത്രമേയുള്ളൂവെന്നും ഇവിടെ ആരും ആരുടെയും അടിമകളല്ലെന്ന കാര്യം നേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News