പാട്‌ന: ബീഹാറിലെ സഹര്‍സ ജില്ലയിലുള്ള ഭക്തിയാര്‍പൂര്‍ ഗ്രാമത്തില്‍ വിവാഹ വിരുന്നിനിടെ മട്ടണിന് പകരം ചിക്കന്‍ വിളമ്പിയതിനെച്ചൊല്ലി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. വധുവിന്റെ വീട്ടുകാര്‍ മട്ടണ്‍ വിഭവങ്ങള്‍ നല്‍കാമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിരുന്നിന് ചിക്കന്‍ വിളമ്പിയതാണ് വലിയ തര്‍ക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ട പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു.
മുഹമ്മദ് അന്‍വാറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ളയും മുഹമ്മദ് ജാവേദിന്റെ മകളും തമ്മിലുള്ള വിവാഹച്ചടങ്ങുകള്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ സമാധാനപരമായാണ് നടന്നത്. എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം വരന്റെ വീട്ടുകാര്‍ ഭക്ഷണം കഴിക്കാനായി ഇരുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മട്ടണിന് പകരം ചിക്കന്‍ വിഭവങ്ങള്‍ മേശയിലെത്തിയതോടെ വരന്റെ വീട്ടുകാര്‍ ചോദ്യം ചെയ്യുകയും ഇത് പിന്നീട് ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ വാഗ്വാദമായി മാറുകയും ചെയ്തു.
തര്‍ക്കം മൂത്തതോടെ ഇരുപക്ഷവും ചേരിതിരിഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നു. വിവാഹപ്പന്തലിലുണ്ടായിരുന്ന വടികളും കമ്പുകളും വാളുകളും ഉപയോഗിച്ചായിരുന്നു പരസ്പരമുള്ള ആക്രമണം. പരിക്കേറ്റവരെ ഉടന്‍ തന്നെ സിമ്രി ഭക്തിയാര്‍പൂരിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും അക്രമാസക്തരായ ആളുകളെ നിയന്ത്രിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കുകയുമായിരുന്നു. വിവാഹവിരുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


