കുമളി: തേനിയില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കാണാതായ യുവാവിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍. പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് സുഹൃത്തുക്കളുമായി ചേര്‍ന്ന് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി മുല്ലപ്പെരിയാര്‍ വെള്ളം ഒഴുകുന്ന പുഴയില്‍ തള്ളി. യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. തേനി എംജിആര്‍ നഗര്‍ സ്വദേശി ശ്രീകാന്ത് (20) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ശ്രീകാന്തിന്റെ പിതാവിനെയും രണ്ട് സുഹൃത്തുക്കളെയും തമിഴ്‌നാട് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ശ്രീകാന്തിന്റെ പിതാവ് ബാലമുരുകന്‍, സുഹൃത്തുക്കളായ അലക്‌സ്, കറുപ്പസ്വാമി എന്നിവരാണ് അറസ്റ്റിലായത്. അലക്‌സിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ചുരുളഴിയാതിരുന്ന കൊലപാതക വിവരം പുറത്തായത്.
ബാലമുരുകനും ഭാര്യ രാജലക്ഷ്മിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതോടെ ബാലമുരുകന്‍ മറ്റൊരു വിവാഹം കഴിച്ചു. ഇതേ ചൊല്ലി അച്ചനും മകനും വഴക്കായി. രണ്ടാം വിവാഹത്തിന്റെ പേരില്‍ ശ്രീകാന്ത് മദ്യലഹരിയില്‍ ബാലമുരുകനുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതിനിടെ് 2023 സെപ്റ്റംബര്‍ 7ന് ശ്രീകാന്തിനെ കാണാതിയി. വീട്ടില്‍നിന്നും രാവിലെ ഇറങ്ങിയ ശ്രീകാന്തിനെ കാണാനില്ലെന്നു രാജലക്ഷ്മിയും ബാലമുരുകനും പൊലീസില്‍ പരാതി നല്‍കി. ഏറെ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പു പോലും കണ്ടെത്താന്‍ പോലിസിനായില്ല.
2026 ഏപ്രിലില്‍ ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബാലമുരുകന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടു. ബാലമുരുകന്റെ സുഹൃത്തായ അലക്‌സിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. ശ്രീകാന്തിനെ കാണാനില്ലെന്നു പറഞ്ഞ ദിവസം തന്നെ വയല്‍പതിയിലെ മുല്ലപ്പെരിയാര്‍ നദിക്കു സമീപത്തുള്ള ശ്മശാനത്തില്‍ മൂവരും ചേര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം ചെറുകഷണങ്ങളാക്കി നദിയിലേക്കു വലിച്ചെറിഞ്ഞു.
ഈ സമയം നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. മൃതദേഹം വെട്ടിമുറിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും പോയ പ്രതികള്‍ കത്തി തേനിമധുര റോഡില്‍ താമരക്കുളത്ത് ഉപേക്ഷിച്ചു. കത്തി ഇവിടെ എറിഞ്ഞതായി അലക്‌സ് പൊലീസിനോടു സമ്മതിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍, ഇവര്‍ ഉപേക്ഷിച്ച രണ്ട് കത്തികള്‍ കണ്ടെടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


