ന്യൂഡൽഹി:കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്ഐഎസ്) നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിജ്ജാറിന്റെ മകൻ. കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ്, മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും 21 വയസ്സുകാരനായ ബൽരാജ് സിങ് വെളിപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തിൽ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്ഐ) പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെയാണ് മകന്റെ വെളിപ്പെടുത്തൽ.
ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. കാനഡയിലെ ഐഎസ്‌ഐ നേതാക്കളായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ഐഎസ്‌ഐയ്ക്കുവേണ്ടി കാഡനയിലെ കൂടുതൽ ദൗത്യങ്ങളും ചെയ്യുന്നത് ഇവർ രണ്ടുപേരുമാണ്.
ഇന്ത്യയിൽനിന്ന് വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടവരുമായ ഭീകരരെ പോലും ഇവർ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ‘ബിസിനസ്’ കാരണങ്ങളാലും കൂടുതൽ സ്വാധീനമുണ്ടാക്കാനുമായി റാവുവും കിയാനിയും നിജ്ജാറിനെ കൊല്ലാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിജ്ജാറുമായി അടുത്തിടപഴകുന്നത് അജ്ഞാതർക്ക് അസാധ്യമാണ്. നിജ്ജാർ വളരെ ശ്രദ്ധാലുവാണ്. ഇയാൾക്കു ചുറ്റും അംഗരക്ഷകരും ഉണ്ടാകും. എന്നാൽ, നിജ്ജാറിന് തൊട്ടടുത്തായി നിരവധി മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടായിരുന്നു. മേജർ ജനറൽമാർ മുതൽ ഹവിൽദാർമാർ വരെയുള്ള മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ ഇതിലുണ്ട്. നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നൽകിയിരിക്കാമെന്നാണ് വിവരം എന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
നിജ്ജാറിനെ വധിച്ചത് രണ്ട് വണ്ടിയിലെത്തിയ ആറുപേർ ചേർന്നെന്ന് വാഷിങ്‌ടൺ പോസ്‌റ്റ് റിപ്പോർട്ട്. അക്രമികൾ 50 പ്രാവശ്യം നിറയുതിർത്തതായും അതിൽ 34 വെടിയുണ്ട നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറിയതായും റിപ്പോർട്ടിൽ പറയുന്നു.വാൻകൂവറിൽ സറേയിലെ ഗുരുദ്വാരാ മുറ്റത്തുവച്ച് ജൂൺ 18നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. ഗുരുദ്വാരയുടെ സിസിടിവിയിൽനിന്നുള്ള 90 സെക്കൻഡ് ദൃശ്യത്തെയും സാക്ഷിമൊഴികളെയും അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്.
‘ഗുരുദ്വാര മുറ്റത്തുനിന്ന് ചാര നിറത്തിലുള്ള കാറിൽ നിജ്ജാർ പുറത്തേക്ക് പോകവെ വെളുത്ത കാർ അവിടെയെത്തി. നിജ്ജാറിന്റെ കാറിന് കുറുകെ നിർത്തി രണ്ടുപേർ ചാടിയിറങ്ങി. ഡ്രൈവർ സീറ്റിനുനേരെ വെടിയുതിർത്തു. ശേഷം ഓടി രക്ഷപ്പെട്ടു. മറ്റൊരു കാറിൽ കയറിപ്പോയി’–- റിപ്പോർട്ടിൽ പറയുന്നു. ദൃക്സാക്ഷികളുടെ വിവരണവും റിപ്പോർട്ടിലുണ്ട്.