കട്ടപ്പന: ഇടുക്കിയില്‍ വീണ്ടും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി. രാജകുമാരി സേനാപതി സ്വര്‍ഗംമേട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ പുതുവത്സരാഘോഷത്തിന് സംഘം ചേര്‍ന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്വര്‍ഗംമേട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉടുമ്പന്‍ചോല പോലീസ് ചൊവ്വാഴ്ച രാത്രി പത്തരയോടെ സ്ഥലത്ത് പരിശോധന നടത്തിയത്.
പരിണാമ ക്യാംപിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 42 പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നര വരെ ഉടുമ്പന്‍ചോല സിഐ എ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല.
ഉടുമ്പന്‍ചോല തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. ഓണ്‍ലൈനായാണ് ക്യാംപ് ഫെസ്റ്റിവലിനു വേണ്ടിയുള്ള ടിക്കറ്റ് വില്‍പന നടത്തിയത്. 1500 മുതല്‍ 2500 രൂപ വരെ ടിക്കറ്റ് നിരക്കിലാണ് ആളുകളെ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ട്രക്കിങ്, യോഗ, സംഗീത പരിപാടികള്‍ എന്നിവയും ക്യാംപിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പരിപാടിക്ക് എത്തിയവര്‍ക്കു താമസിക്കുന്നതിനായി ഇരുപതോളം താല്‍ക്കാലിക ടെന്‍ഡുകളും സ്വര്‍ഗംമേട്ടില്‍ സ്ഥാപിച്ചിരുന്നു.