ഷാര്‍ജ: ഗള്‍ഫില്‍ നിന്ന് സ്വന്തം മണ്ണിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട ഒട്ടേറെ ഗര്‍ഭിണികളുടെ പ്രതിനിധിയായി ശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനി ആതിര ശ്രീധരന്റെ ഭര്‍ത്താവ് പേരാമ്പ്ര സ്വദേശി നിഥിന് ചന്ദ്രന്(29) ഷാര്‍ജയില്‍ അന്തരിച്ചു. പുലര്‍ച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാല്‍ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു. ദുബായിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആതിര ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ബന്ധുക്കളെ പരിചരണം കിട്ടാന്‍ വേണ്ടിയാണ് പ്രസവത്തിനായി നാട്ടിലേയ്ക്ക് പോകാന്‍ ആവശ്യമുന്നയിച്ചതെന്നാണ് അന്ന് നിഥിന് പറഞ്ഞത്.
ഇതിനായി ഇന്‍കാസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആതിരയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. ഫ്ളൈ വിത് ഇന്‍കാസ് ക്യാംപെയിനിന്റെ കീഴില്‍ ഇന്‍കാസായിരുന്നു ആതിരയ്ക്ക് വിമാന ടിക്കറ്റ് നല്‍കിയിരുന്നത്. ഇതിന് പകരമായി നിഥിന് 2 ടിക്കറ്റുകള്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ക്കും സമ്മാനിച്ചു.
ആതിര നാട്ടിലേക്ക് മടങ്ങിയ ശേഷവും ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുവാനും രക്ത ലഭ്യത കുറവുള്ള ആശുപത്രികളില്‍ ദാതാക്കളെ എത്തിക്കുവാനുമുള്‍പ്പെടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടക്കുകയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ദുബായ് റാഷിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.