ഹാള്‍ ടിക്കറ്റിന്റെ മറുവശം മുഴുവന്‍ കോപ്പി എഴുതിയിരിന്നു, വിദ്യാര്‍ത്ഥിനിയോട് ആരും മോശമായി പെരുമാറിയിട്ടില്ല; അഞ്ജു ഷാജിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി കോളേജ് അധികൃതര്‍
പാലാ: ചേര്‍പ്പുങ്കലില്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത സംഭവത്തില്‍ വിശദീകരണവുമായി ഹോളിക്രോസ് കോളജ് അധികൃതര്‍. ഹാള്‍ ടിക്കറ്റിന്റെ മറുവശം മുഴുവന്‍ വിദ്യാര്‍ത്ഥിനി കോപ്പി എഴുതിയിരുന്നു എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അഞ്ജു ഷാജിയുടെ ഹാള്‍ ടിക്കറ്റ് എന്നവകാശപ്പെടുന്ന ചില രേഖകള്‍ കോളജ് അധികൃതര്‍ സമര്‍പ്പിച്ചു. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങളും അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ശനിയഴ്ച ഉച്ച കഴിഞ്ഞ് ഒന്നരക്ക് ബികോമിന്റെ പ്രൈവറ്റ് എക്‌സാം നടക്കുകയുണ്ടായി. വേറെ കോളജില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു. എക്‌സാം സെന്റര്‍ ഹോളി ക്രോസ് ആയിരുന്നു. ഏതാണ്ട് ഒന്നേമുക്കാല്‍ ആയപ്പോള്‍ എക്‌സാം ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകന്‍ എല്ലാവരുടെയും ഹാള്‍ ടിക്കറ്റ് വെരിഫൈ ചെയ്തു. അഞ്ജുവിന്റെ ഹാള്‍ ടിക്കറ്റ് വെരിഫൈ ചെയ്തപ്പോള്‍ അതിന്റെ മറുവശം മുഴുവന്‍ കോപ്പി എഴുതിയിരിക്കുന്നതായി കണ്ടെത്തി.
ഈ സമയത്ത് പ്രിന്‍സിപ്പാള്‍ അവിടെ എത്തി. ഈ പരീക്ഷ എഴുതാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പരീക്ഷ തുടങ്ങി ഒരു മണിക്കൂര്‍ കഴിയാതെ ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. 2.30 ആകുമ്പോള്‍ തന്നെ വന്ന് കാണണം എന്ന് കുട്ടിയോട് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുട്ടി വൈദികനെ കാണാതെ ഇറങ്ങി പോയി. പിറ്റേന്നാണ് കുട്ടിയെ കാണാനിലെന്ന് കോളജില്‍ അറിയുന്നത്.
കുട്ടിയെ കണ്ടിരുന്നെങ്കില്‍ വിശദീകരണം വാങ്ങി വീട്ടില്‍ വിളിച്ച് അറിയിക്കുമായിരുന്നു. ഈ കോളജിലെ വിദ്യാര്‍ത്ഥി അല്ലായിരുന്നതു കൊണ്ട് തന്നെ മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വീട്ടില്‍ അറിയിക്കാന്‍ കഴിയാതിരുന്നത്. വിവരം പോലീസ് അധികാരികളെ അറിയിച്ചു. പരീക്ഷ കഴിഞ്ഞപ്പോള്‍ സമയം 4.30 ആയി. പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു. അതുകൊണ്ട് ഉടന്‍ സര്‍വകലാശാലയെ അറിയിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് അവരെയും അറിയിച്ചിട്ടുണ്ട് എന്നും കോളജ് അധികൃതര്‍ പറയുന്നു.