പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കൾക്കായി ഷൊർണൂരിൽ എൻഐഎ ലുക്കൗട്ട് നോട്ടീസ് പതിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലുമാണ് എൻഐഎ ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. പ്രതികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടാമ്പി, ചെർപ്പുളശ്ശേരി സ്വദേശികളായ നാലുപേരും എറണാകുളം സ്വദേശിയായ ഒരാളും പേരും വിവരവും അറിയാത്ത ഒരാളുമാണ് എൻഐഎയുടെ പട്ടികയിലുള്ളത്.
പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര അബ്ദുൾ റഷീദ് (32), ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി മാരായമംഗലം സൗത്ത് കണ്ണീർപള്ളിയാലിൽ മുഹമ്മദാലി (42), കൂറ്റനാട് വാവന്നൂർ ചാലിപ്പുറം കട്ടിൽമാടം മാവറ വീട്ടിൽ ഷാഹുൽ ഹമീദ് (54), മേലെ പട്ടാമ്പി തെക്കുമുറി ജുമാമസ്ജിദിന് സമീപം ഇട്ടിലത്തൊടിയിൽ മുഹമ്മദ് മൻസൂർ, എറണാകുളം പറവൂർ മുപ്പത്തടം എലൂർക്കര വാടക്കെയിൽ അബ്ദുൾ വഹാബ് (36), പേരുവിവരങ്ങൾ ലഭിക്കാത്ത മറ്റൊരാൾ എന്നിവരാണ് കേസിലെ പിടികിട്ടാപ്പുള്ളികൾ. എൻഐഎ കൊച്ചി ഓഫീസിൽ രജിസ്റ്റർ ചെയ്ത പിഎഫ്ഐ കേസിലെ പ്രതികളാണിവർ.
പേരും വിവരവും ലഭ്യമാകാത്തയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴുലക്ഷം രൂപയാണ് പ്രതിഫലം. എറണാകുളം സ്വദേശി അബ്ദുൾ വഹാബിനെക്കുറിച്ചും പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദിനെക്കുറിച്ചും വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം വീതവും മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നുലക്ഷം വീതവുമാണ് പ്രതിഫലം ലഭിക്കുക.
പ്രതികളെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎ കൊച്ചി ഓഫീസിലെ ഫോൺ നമ്പറും നോട്ടീസിലുണ്ട്. കഴിഞ്ഞദിവസമാണ് ഷൊർണൂരിൽ എൻഐഎയുടെ പോസ്റ്ററുകൾ പതിച്ചത്.