ശ്രീനഗര്‍: തീവ്രവാദികളെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ ജീവിതരീതികള്‍ കേട്ട് ഞെട്ടി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. അദ്ദേഹത്തിന്റെ വസതിയില്‍ നിന്നടക്കം എന്‍ഐഎ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇദ്ദേഹത്തിന്റെ ജീവിതരീതി സങ്കീര്‍ണ്ണമാണെന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ സന്ദേശങ്ങളും ചാറ്റുകളും വെളിപ്പെടുത്തുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കടുത്ത മദ്യപാനിയായ ദേവീന്ദര്‍ സിങിന് സ്ത്രീകള്‍ ദൗര്‍ബല്യമായിരുന്നു. ഡസന്‍ കണക്കിന് സ്ത്രീകളുമായാണ് ദേവീന്ദറിന് ബന്ധമുണ്ടായിരുന്നത്. ഇതിന്റെ തെളിവുകളും ഫോണില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. താന്‍ സെക്സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ദേവീന്ദര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പണത്തോടുള്ള ആര്‍ത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തില്‍ എത്തിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്. ഇതിന് പുറമെ ശ്രീനഗറിലെ ആര്‍മി കേന്ദ്രത്തോട് ചേര്‍ന്ന് ദേവീന്ദര്‍ കോടികള്‍ വിലവഴിച്ച് മറ്റൊരു വീടും നിര്‍മിക്കുന്നുണ്ട്. കൂടാതെ രണ്ട് പെണ്‍ മക്കള്‍ ബംഗ്ലാദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മകന്‍ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. ഇതിനുള്ള പണം കണ്ടെത്താനുള്ള വഴിയായും ദേവീന്ദര്‍ തീവ്രവാദത്തെ ഉപയോഗിച്ചു.
ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടിയല്ല, പകരം സ്വന്തം ഇഷ്ടപ്രകാരമാണ് ദേവീന്ദര്‍ പ്രവര്‍ത്തിച്ചത്. തന്റെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യമാണ് ഭീകരസംഘവുമായി ബന്ധപ്പെടുത്തിയതെന്നും എന്‍ഐഎ വിലയിരുത്തുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ദേവീന്ദര്‍ സിങിനെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ധീരതയ്ക്കുള്ള മെഡല്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരോടൊപ്പം അറസ്റ്റ് ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.