ഹൈദരാബാദ്: മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ. ഇന്നലെയായിരുന്നു രണ്ട് സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ രാവിലെ മുതൽ റെയ്ഡുകൾ നടന്നത്. 2020-ൽ മുൻചിങ്ങിപ്പുട്ടു എന്ന ഗ്രാമത്തിൽ മാവോയിസ്റ്റ് യോഗങ്ങൾ നടക്കാറുണ്ടെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ.
ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ നിന്ന് ഒരു മനുഷ്യാവകാശ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. പ്രഗതിശീല കാർമിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനാ പ്രവർത്തകൻ ചന്ദ്രനരസിംഹുലുവിനെയാണ് അറസ്റ്റ് ചെയ്തത്.
ചന്ദ്രനരസിംഹുലുവിൽ നിന്ന് പിസ്റ്റളും 14 ബുള്ളറ്റുകളും പിടിച്ചെടുത്തതായി എൻഐഎ പറഞ്ഞു. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവരിൽ പലരുമെന്നും എൻഐഎ പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവർത്തകരിൽ നിന്ന് ലാപ്ടോപ്പുകളും ഫോണുകളും മറ്റ് പുസ്തകങ്ങളും അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിനെ ശക്തമായി അപലപിച്ച് ആന്ധ്രയിലെയും തെലങ്കാനയിലെയും സാമൂഹ്യപ്രവർത്തകർ രംഗത്തെത്തി. അതേസമയം എൻഐഎ തലയ്ക്ക് വിലയിട്ട ഐഎസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിലായി. മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ആണ് അറസ്റ്റിലായത്. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് ഒപ്പം കൂടുതൽ പേർ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.