26 C
Kottayam
Thursday, May 16, 2024

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം,തട്ടം പരാമര്‍ശം പാര്‍ട്ടി നിലപാടല്ല,കെ അനില്‍കുമാറിനെ തള്ളി എം വി ഗോവിന്ദൻ

Must read

തിരുവനന്തപുരം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന തള്ളി സിപിഎം. വസ്ത്രധാരണം ഒരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണെന്നും അതില്‍ ആരും കടന്നുകയറേണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങളിലൊക്കെ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് എസെന്‍സ് ഗ്ലോബല്‍ എന്ന യുക്തിവാദ സംഘടന തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറില്‍ സിപിഎം  സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. അനില്‍കുമാര്‍ നടത്തിയ പ്രസ്താവന. അതില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ട ധാരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിക്കുന്നുണ്ട്.

ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്നമായി മാറ്റുന്നതില്‍ ആര്‍ക്കും യോജിക്കാനാകുമായിരുന്നില്ല.ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണ്. ഇക്കാര്യത്തില്‍ ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘വസ്ത്രധാരണം ഓരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണ്.അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലെന്നതാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവര്‍ പ്രത്യേക വസ്ത്രങ്ങള്‍ മാത്രമെ ധരിക്കാന്‍ പാടുകയുള്ളുവെന്ന് നിര്‍ദേശിക്കാനോ വിമര്‍ശിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല. അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. അനില്‍കുമാറിന്‍റെ പ്രസ്താവനയിലെ ആ ഭാഗം പാര്‍ട്ടിയുടെ നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതില്ലെന്നാണ് നിലപാട്’-എം.വി ഗോവിന്ദന്‍ പറഞ്ഞു.

സീതാറാം യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ് വസ്തുത വിരുദ്ധമായ വാർത്തയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കർഷക സംഘം ഓഫീസിൽ ആണ് പരിശോധന. ഓഫീസ് ഉടമസ്ഥതയെച്ചൂരിയുടെ പേരിലാണ്. അവിടെ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ തേടിയാണ് അന്വേഷണ സംഘം എത്തിയതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസെന്‍സ് ഗ്ലോബലിന്‍റെ ലിറ്റ്മസ് നാസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പരാമർശം. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് ഉയര്‍ന്നത്.പ്രസ്താവനക്കെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഎം-ന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു.വിവാദത്തില്‍ സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ കെ. അനില്‍കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week