ബോബി ചെമ്മണ്ണൂര്‍ നല്‍കുന്ന സ്ഥലം വാങ്ങില്ല; സര്‍ക്കാര്‍ പട്ടയം നല്‍കണമെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന സ്ഥലം വാങ്ങാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍. നിയമപരമായി വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സര്‍ക്കാര്‍ പട്ടയം നല്‍കാമെന്ന് പറഞ്ഞതിനാല്‍ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്ന വിവരാവകാശ രേഖ തങ്ങളുടെ കൈയ്യിലുണ്ട്. അവരുടെ പേരില്‍ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ബോബി ചെമ്മണ്ണൂര്‍ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോട് ഇക്കാരങ്ങള്‍ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

തര്‍ക്കഭൂമി വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വാങ്ങിയിരുന്നു. ദമ്പതികളുടെ മക്കള്‍ക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നല്‍കാനായിരുന്നു പദ്ധതി. കുട്ടികളെ തത്കാലം തന്റെ വീട്ടില്‍ താമസിപ്പിക്കുമെന്നും വീട് പണി പൂര്‍ത്തിയായാല്‍ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

ഈ മാസം 22നാണ് നെയ്യാറ്റിന്‍കരയില്‍ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പോലീസ് എത്തിയതോടെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെ തീ പടര്‍ന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News