കോഴിക്കോട്: കേരളക്കരയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയും മുഖ്യപ്രതി ജോളിയും അമേരിക്കയിലും ചര്‍ച്ചയാകുന്നു. പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസാണ് കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ ജോളിയെയും പൊന്നാമറ്റം തറവാടിനെയും കുറുച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കൊലപാതക പരമ്പര വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ്, ഭാര്യ അന്നമ്മ, മകനും മുഖ്യപ്രതി ജോളിയുടെ മുന്‍ ഭര്‍ത്താവുമായിരുന്ന റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുവായ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002 മുതലുള്ള കാലയളവില്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ കൊല്ലപ്പെട്ടത്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരാണ് കൂടത്തായി കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയാണെന്നും സയനൈഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും പ്രതി ജോളി പോലീസിനോട് സമ്മതിച്ചിരുന്നു. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് ഇവരുടെ ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവാണ്. സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് മാത്യു പോലീസില്‍ മൊഴി നല്‍കിയിരുന്നു.
കൂടത്തായിലെ ആറ് കൊലപാതകങ്ങളും ആറ് പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നൊക്കെയാണ് സയനൈഡ് കിട്ടിയത്, കൊലപാതകങ്ങളില്‍ ആരെല്ലാം സഹായിച്ചു, ഇതേക്കുറിച്ച് ആര്‍ക്കെല്ലാം അറിയാമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് വിശദമായി പരിശോധിക്കുന്നത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും.