ബെയ്ജിംഗ്:മഹാമാരിയായി പടരാൻ സാധ്യതയുള്ള ഒരു പുതിയ തരം വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. അടുത്തിടെ പന്നികളിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ പന്നികളിൽ നിന്ന് ഇത് മനുഷ്യരിലേക്ക് പകർന്നിട്ടില്ല. അത് സംഭവിച്ചാൽ വലിയ ഭീഷണിയായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്
വൈറസ് വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ വ്യാപിക്കുകയും ആഗോളതലത്തിൽ തന്നെ പടർന്നേക്കാമെന്നാണ് ഗവേഷകർ ആശങ്കപ്പെടുന്നത്. എന്നാൽ അടിയന്തരമായി ഭയക്കേണ്ടതില്ലെങ്കിലും മനുഷ്യരെ ബാധിക്കുന്നതരത്തിൽ വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
പുതിയ ഇനം വൈറസായതിനാൽ ആളുകൾക്ക് പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും. 2009 ൽ പടർന്നുപിടിച്ച പന്നിപ്പനിക്ക് സമാനമാണെങ്കിലും ചില രൂപമാറ്റങ്ങളുണ്ട്. വലിയ ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും ഇതിനെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. നിലവിലുള്ള ഒരു വാക്സിനും ഇതിനെ നേരിടാൻ സഹായിക്കില്ല. അപകടകരമായ ജനിത ഘടനയാണ് ഈ വൈറസിന്റേത്.
ജി4 എന്ന പേരിട്ടാണ് പുതിയ വൈറസിനെ സംബന്ധിച്ച് ശാസ്ത്രജ്ഞർ പഠനം നടത്തിവരുന്നത്. ഇത് എച്ച്1 എൻ1 ജനിതകത്തിൽ നിന്ന് വന്നതാണെന്നാണ് പഠനത്തിൽ പറയുന്നത്.