ന്യൂഡല്‍ഹി: രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്നതിനു മുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റും ഘടിപ്പിക്കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമാണ് മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയത്. വ്യാഴാഴ്ചമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്.
റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്ബര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനുമുമ്ബ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്ബര്‍ അനുവദിക്കണം. രജിസ്ട്രേഷന്‍ നമ്ബര്‍ അപ്പോള്‍ത്തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ.
ഫാന്‍സിനമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. എന്നാല്‍, വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കാനാവില്ല. ഓണ്‍ലൈന്‍ ലേലംവഴി നമ്ബര്‍ എടുക്കുന്നതുവരെ ഷോറൂമില്‍ തുടരണം. ലേലത്തില്‍ പരാജയപ്പെട്ട് നമ്ബര്‍ വേണ്ടെന്നുവെച്ചാല്‍ അക്കാര്യം മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയില്‍നിന്ന് നമ്ബര്‍ അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാല്‍വഴി ലഭിക്കും.