27.6 C
Kottayam
Wednesday, May 8, 2024

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന,കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടരുത്; അറിയിപ്പ് ലഭിച്ചവര്‍ മാത്രമെത്തുക,പുതിയ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല.

രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടതാണ്.

ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം.ഇപ്പോള്‍ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week