27.8 C
Kottayam
Friday, May 31, 2024

ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാർ; പുനഃസംഘടന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്‌

Must read

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബി.ജെ.പി. തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്.

എം.പിയും കേന്ദ്രമന്ത്രിയുമായ ജി. കിഷന്‍ റെഡ്ഡിയാണ്, തെലങ്കാന ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍. ബണ്ടി സഞ്ജയ് കുമാറിന് പകരക്കാരനായാണ് കിഷന്‍ റെഡ്ഡി എത്തുന്നത്.

തെലങ്കാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായി എം.എല്‍.എ. എടേല രാജേന്ദറിനെ നിയോഗിച്ചു. തെലങ്കാനയുടെ ആദ്യ ധനമന്ത്രി കൂടിയാണ്‌ രാജേന്ദര്‍. മുന്‍പ് ബി.ആര്‍.എസിലായിരുന്ന ഇദ്ദേഹം 2021-ലാണ് ബി.ജെ.പിയില്‍ ചേരുന്നത്.

ഡി. പുരന്ദേശ്വരിയാണ് ആന്ധ്രാപ്രദേശ് ബി.ജെ.പിയുടെ പുതിയ അധ്യക്ഷ. തെലുഗു ദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ എന്‍.ടി. രാമറാവുവിന്റെ മകളാണ് പുരന്ദേശ്വരി.

കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ മുന്‍ എം.പി. കൂടിയായ സുനില്‍ കുമാര്‍ ജാഖര്‍, പഞ്ചാബ് ബി.ജെ.പിയെ നയിക്കും. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

ബാബുലാല്‍ മറാന്‍ഡി, ഝാര്‍ഖണ്ഡ് ബി.ജെ.പി. അധ്യക്ഷനാകും. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍, നിലവില്‍ പ്രതിപക്ഷ നേതാവാണ്.

എല്ലാ സംസ്ഥാന അധ്യക്ഷന്മാരുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും യോഗം ജൂലൈ ഏഴിന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും യോഗത്തില്‍ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week