തിരുവനന്തപുരം: പ്രതീക്ഷയോട് കുരുന്നുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക്. പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സ്‌കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു. ഇത്തവണ അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഓണ്‍ലൈന്‍ ക്ലാസ് സൌകര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകള്‍ നല്‍കുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകള്‍ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ കൂട്ടുകള്‍ക്ക് വിദ്യാഭ്യാസം നല്‍കി. ഇക്കുറിയും ഉത്തരവാദിത്യ ബോധത്തോടെ ക്ലാസുകള്‍ നല്‍കും. കഴിഞ്ഞ അധ്യയന വര്‍ഷം ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രശ്നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികള്‍ക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയത്.
ഇത്തവണ ഒരു പടി കൂടി കടന്ന് സ്വന്തം അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സൌകര്യമരുക്കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവന്‍ ഇങ്ങനെയാണെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കണം. വീണ്ടും സ്കൂളുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കുരുന്നുകളോട് പറഞ്ഞു.