യു.ഡി.എഫ് തോല്‍വിയുടെ കാരണം കണ്ടെത്തി അശോക് ചവാന്‍ സമിതി,പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ഉടന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.

ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. എന്നാല്‍ ആരാകണം പുതിയ അധ്യക്ഷന്‍ എന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല. നേതാക്കളില്‍ കെ സുധാകരനാണ് മുന്‍തൂക്കമുളളത്. പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.

എന്നാല്‍, ഒരു വിഭാഗം സുധാകരനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിര്‍ക്കുന്ന ഇമെയിലുകളില്‍ അടൂര്‍ പ്രകാശിന്റെയും കെ ബാബുവിന്റെയും പേരുകളാണ് നിര്‍ദ്ദേശിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയില്‍ വന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News