FeaturedHome-bannerNationalNews

കോവിഷീൽഡ് വാക്സിൻ ഒറ്റ ഡോസ് മതിയോ? വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: വാക്സിനുകൾ കൂട്ടിക്കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ ഇന്ത്യയിൽ വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് സർക്കാർ അറിയിച്ചു.

വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ യാതൊരു മാറ്റവുമില്ലെന്നും കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഷീൽഡ് എടുക്കുന്നവർക്ക് രണ്ടാം ഡോസ് ഒഴിവാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുവെന്ന് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടാതെ രണ്ടു ഡോസുകൾ വ്യത്യസ്ത വാക്സിനുകൾ ഇടകലർത്തി നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമോ എന്ന് നിർണ്ണയിക്കാൻ ഇന്ത്യ പരീക്ഷണം നടത്തിയേക്കുമെന്നും സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി അധ്യക്ഷൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഊഹപോഹങ്ങൾക്കിടെ ഡോ.എൻ.കെ.അറോറയാണ് ഇങ്ങനെ പറഞ്ഞത്. ഇത് കൂടുതൽ ആശയകുഴപ്പത്തിനിടയാക്കി.

‘കോവിഷീൽഡിനും കോവാക്സിനുമായി ഇന്ത്യയിൽ പിന്തുടരുന്ന രണ്ട് ഡോസ് എന്ന വ്യവസ്ഥയിൽ യാതൊരു മാറ്റവുമില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആദ്യ ഡോസിന് ശേഷം കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ചകൾക്ക് ശേഷം നൽകും. കോവാക്സിന് രണ്ടു ഡോസുകൾ തമ്മിൽ നാല് മുതൽ ആറ് ആഴ്ചയുടെ ഇടവേള വേണം. ഞങ്ങൾ ഈ ഷെഡ്യൂൾ തുടരുകയും വാക്സിനേഷൻ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കണം, സർക്കാരിന്റെ കോവിഡ് ടാസ്ക്ഫോഴ്സ് പ്രധാന അംഗവും നീതി ആയോഗ് ആരോഗ്യ വിഭാഗ അംഗവുമായ ഡോ വി കെ പോൾ പറഞ്ഞു.

വാക്സിനുകൾ ഇടകലർത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസിറ്റിവ് ഫല സാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളികളയാനാവില്ല. ശാസ്ത്രം തന്നെ അതിന് ഉത്തരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker