മുംബൈ:ഏകദിന ലോകകപ്പ് കിരീടം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ അവസാനം നിരാശയുടെ ഭാരം പേറി മടങ്ങേണ്ടി വന്നു.എങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയായിരുന്നു എന്ന വസ്‌തുത അത് മാറ്റുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപത് മത്സരങ്ങളും വെല്ലുവിളി കൂടാതെ ജയിച്ച ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഈ പ്രകടനത്തിന് കൈയ്യടി അർഹിക്കുന്നു. എന്നാൽ ഇപ്പോൾ ദ്രാവിഡ് പടിയിറങ്ങുന്നു എന്ന വാർത്തകൾ പുറത്ത് വന്നത് തെല്ലൊന്നുമല്ല ആരാധകരെ വേദനിപ്പിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചു. കരാർ പുതുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഒരുകാലത്ത് ഇന്ത്യൻ ടീമിൽ ദ്രാവിഡിന്റെ സഹ താരമായിരുന്ന, ഓസ്‌ട്രേലിയൻ മർദ്ദകൻ എന്ന് വിളിപ്പേരുള്ള വിവിഎസ് ലക്ഷ്‌മണിനാവും നറുക്ക് വീഴുകയെന്നാണ് സൂചന.
നിലവിൽ ദ്രാവിഡിന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് ലക്ഷ്‌മണാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ഈ വലംകൈ ബാറ്റർ. ഇന്ത്യൻ ടീമിനെ നന്നായി അറിയുന്ന, താരങ്ങളുമായി അടുപ്പമുള്ള ലക്ഷ്‌മൺ പരിശീലകനായി എത്തുന്നതിൽ ആരാധകരും ഡബിൾ ഹാപ്പി.
അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ബിസിസിഐ ഉന്നത തല യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡ് ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് ടീമിന്റെ മെന്ററായി ചുമതല ഏറ്റെടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
കിരീടം നേടിയില്ലെങ്കിലും ദ്രാവിഡിന് കീഴിൽ ലോകകപ്പിൽ സ്വപ്‌ന മുന്നേറ്റം നടത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. മുതിർന്ന താരം വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുന്ന കാഴ്‌ചയും നാം കണ്ടു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിന്റെ മനോഭാവം തന്നെ മാറ്റി മറിക്കാൻ ദ്രാവിഡിന്റെ ശൈലിക്ക് സാധിച്ചു എന്ന് വേണം പറയാൻ.
വിവിഎസ് ലക്ഷ്‌മൺ ആവട്ടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുന്നതിനൊപ്പം അണ്ടർ-19 ടീമിന്റെയും, ഇന്ത്യ എ ടീമിന്റെയും പരിശീലകൻ കൂടിയായ ലക്ഷ്‌മൺ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം തന്നെയാണ് വിലയിരുത്തൽ. ഇന്ത്യയ്ക്ക് വേണ്ടി നൂറിലധികം ടെസ്‌റ്റ് കളിച്ച ലക്ഷ്‌മണിന്റെ മത്സര പരിചയം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്യും.