അയാള്‍ എന്നെ ക്രൂരമായി ആക്രമിച്ചു! പുലർച്ചെ ഒരു മണിയ്ക്കാണ് സംഭവം, ഫോട്ടോ സഹിതം തെളിവ് പുറത്ത് വിട്ട് നടി വനിത
തമിഴിലെ നടിയും അവതാരകയുമൊക്കെയാണ് താരപുത്രി കൂടിയായ വനിത വിജയകുമാര്‍. മുന്‍പ് സിനിമയില്‍ അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ ടെലിവിഷനിലും മറ്റുമായി പരിപാടികള്‍ അവതരിപ്പിക്കുകയാണ്. പല വിഷയങ്ങളിലും ശക്തമായ അഭിപ്രായം രേഖപ്പെടുത്താറുള്ള വനിത തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പറയുകയാണിപ്പോള്‍.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ബിഗ് ബോസിലെ ഒരു താരത്തിന്റെ ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ അടിച്ചെന്നും മുഖം മുറിഞ്ഞ് ചോര വരുന്ന അവസ്ഥയിലാണെന്നും ഫോട്ടോ സഹിതം വെളിപ്പെടുത്തിയിരിക്കുകയാണ് വനിത വിജയകുമാര്‍.
തിരിച്ചറിയാന്‍ പറ്റാത്ത ഒരാളില്‍ നിന്നും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞാണ് വനിത തനിക്കുണ്ടായ ആക്രമണത്തെ പറ്റി പറഞ്ഞിരിക്കുന്നത്. ‘ക്രൂരമായി ഞാന്‍ ആക്രമിക്കപ്പെട്ടു. അദ്ദേഹം ആരാണെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളു. ബിഗ് ബോസ് താരം പ്രദീപ് ആന്റണിയുടെ ആരാധകനാണെന്ന് പറഞ്ഞായിരുന്നു ആക്രമണം.
ബിഗ് ബോസ് തമിഴ് ഏഴാം സീസണിനെ പറ്റിയുള്ള എന്റെ റിവ്യൂ കഴിഞ്ഞതിന് ശേഷം ഡിന്നര്‍ കഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍. ശേഷം എന്റെ സഹോദരി സൗമ്യയുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ എടുക്കാന്‍ വരുമ്പോള്‍ ഇരുട്ടില്‍ നിന്നും ഒരാള്‍ കടന്ന് വന്നു. എന്നിട്ട് ചുവപ്പ് കാര്‍ഡ് കൊടുപ്പിച്ചു അല്ലേ എന്ന് പറഞ്ഞു.
നിന്റെ സപ്പോര്‍ട്ടും അതിലുണ്ടെന്ന് പറഞ്ഞ് എന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് ഓടി പോയി. എനിക്ക് വലിയ വേദനയാണ് തോന്നിയത്. മാത്രമല്ല മുഖത്ത് നിന്നും ചോര വന്നതോടെ ഞാന്‍ അലറി കരഞ്ഞ് പോയി. അര്‍ദ്ധരാത്രി ഒരു മണി സമയമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചുറ്റിനും ആരും ഉണ്ടയിരുന്നില്ല.
ഉടനെ ഞാനെന്റെ സഹോദരിയെ വിളിച്ചു. പോലീസില്‍ പരാതിപ്പെടാനാണ് അവള്‍ പറഞ്ഞത്. പക്ഷേ അവരുടെ രീതികളില്‍ എനിക്ക് വിശ്വസമില്ലാത്തത് കൊണ്ട് പരാതി കൊടുത്തില്ല.
ശേഷം ഫസ്റ്റ് എയിഡ് എടുത്തതിന് ശേഷം ഞാന്‍ വീട്ടിലേക്ക് പോന്നു. എന്നെ ആക്രമിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരു ഭ്രാന്തനെ പോലെയുള്ള അയാളുടെ ചിരി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങി കേള്‍ക്കുകയാണ്.
ശാരീരികമായി സുഖമില്ലാത്തതിനാല്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന എല്ലാത്തില്‍ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുകയാണ്. ഈ അവസ്ഥയില്‍ സ്‌ക്രീനിന് മുന്നില്‍ വരാന്‍ സാധിക്കില്ല. ഇങ്ങനെ കുഴപ്പക്കാരനായ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് അപകടം ഒരടി അകലെയാണ്’, എന്നുമാണ് വനിത പറയുന്നത്.
പിന്നാലെ തന്റെ മുഖത്തിന് സംഭവിച്ച മുറിവും നടി കാണിച്ചിരുന്നു. ‘എനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ആക്രമണം ഇതാണ്. ധൈര്യത്തോട് കൂടിയാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ബിഗ് ബോസ് തമില്‍ ഇതൊരു ഗെയിം ഷോ മാത്രമാണ്. ഇത് ശരിയായ കാര്യമല്ല. ആക്രമണം ശരിയല്ലെന്നും’, വനിത പറയുന്നു.
കമല്‍ ഹാസന്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഷോ യില്‍ വനിതയുടെ മകള്‍ ജോവികയും മത്സരിക്കുന്നുണ്ട്. അന്ന് മുതല്‍ പരിപാടിയെ കുറിച്ചുള്ള റിവ്യൂ നടി പങ്കുവെക്കാറുണ്ട്. മാത്രമല്ല പ്രദീപ് ആന്റണി എന്ന മത്സരാര്‍ഥിയെ വനിത വിമര്‍ശിച്ചിരുന്നു.
സഹമത്സരാര്‍ഥികളോട് മോശമായി പെരുമാറിയതിനെ ചൊല്ലി പ്രദീപ് ആന്റണിയ്ക്ക് റെഡ് കാര്‍ഡ് കൊടുത്ത് കമല്‍ ഹാസന്‍ പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം പ്രദീപിന്റെ ആരാധകര്‍ നടിയോട് തീര്‍ത്തതാണോ എന്ന കാര്യം വ്യക്തമല്ല.