കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി, അതിവേഗ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി

.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീ മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്. ഏറെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. 

നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോയത്. ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കൾ കുട്ടിയെ അന്വേഷിച്ചു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.

ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്. കുഞ്ഞിനെ അമ്മക്ക് കൈമാറി. പൊലീസ് നടത്തിയ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് കുട്ടിയെ കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News