തിരുവനന്തപുരം: മുന്‍ വിജിലൻസ് ഡയറക്ടര്‍ എം ആർ അജിത് കുമാറിന് പുതിയ നിയമനം. സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപിയായിട്ടാണ് അജിത് കുമാറിനെ നിയമിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടർ തസ്തികയിൽ നിന്നും നീക്കിയത്.
ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ മാറ്റിയത്. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആന്‍റ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. ആരോപണങ്ങൾ ഉയർന്നത് കൊണ്ടാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അജിത് കുമാറിനെ ബലിയാടാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.
സ്വപ്നയുടെ വെളിപ്പെടുത്തലിലും ഷാജ് കിരണിന്‍റെ രംഗപ്രവേശത്തിലും ഒന്നുമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ തള്ളിപ്പറയുന്നതിനിടെയാണ് നാടകീയമായി വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. പുതിയ തസ്തിക പോലും നൽകാതെ മുഖ്യമന്ത്രി ഇടപെട്ടായിരുന്നു മാറ്റം. അജിത് കുമാറും ഷാജ് കിരണും തമ്മിൽ സംസാരിച്ചതായി സർക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സ്ഥലംമാറ്റ ഉത്തരവിൽ കാരണം പറഞ്ഞിരുന്നില്ല. ഷാജുമായി സംസാരിച്ചതും സരിത്തിന്‍റെ ഫോൺ പിടിച്ചെടുത്തതും അജിത് കുമാറിന്‍റെ മാത്രം നടപടി എന്ന് വിശദീകരിച്ചാണ് ഇടത് നേതാക്കൾ സർക്കാറിന് പങ്കില്ലെന്ന് പറയാൻ ശ്രമിക്കുന്നത്.