27.3 C
Kottayam
Wednesday, May 29, 2024

കായല്‍ സൗന്ദര്യം നുകര്‍ന്ന് നെദര്‍ലന്റ് രാജാവ് വില്ലവും രാജ്ഞി മാക്സിമയും

Must read

ആലപ്പുഴ: പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകര്‍ന്ന് നെദര്‍ലാന്റ് രാജാവ് വില്ലം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഫിനിഷിങ് പോയിന്റില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് അനുഗമിച്ചെത്തിയ രാജാവിനെയും സംഘത്തെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള എന്നിവര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു. ജില്ല പോലീസ് മേധാവി കെ.എം. ടോമി, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവരും സന്നിഹിതരായി.

തുടര്‍ന്ന് ഫിനിഷിങ് പോയിന്റില്‍ സജ്ജമാക്കിയിരുന്ന വഞ്ചിവീട്ടിലേക്ക് രാജാവിനെയും സംഘത്തെയും ആനയിച്ചു. താലപ്പൊലിയുടെ അകമ്പടിയുമുണ്ടായി. ഈ സമയം ഡി.ടി.പി.സി ഗാലറിയില്‍ പരമ്പരാഗത അനുഷ്ഠാന കലയായ അമ്പലപ്പുഴ വേലകളി അവതരണം നടക്കുന്നുണ്ടായിരുന്നു. വഞ്ചിവീടിന് മുന്നിലായി വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കുട്ടനാടന്‍ പുഞ്ചയിലെ… തുടങ്ങിയ വഞ്ചിപ്പാട്ടു അവതരിപ്പിച്ചു. ഈണത്തില്‍ ചൊല്ലിയാടിയ കുട്ടികളുടെ പ്രകടനം കൗതുകത്തോടെയാണ് രാജാവും രാജ്ഞിയും കണ്ടുനിന്നത്. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വഞ്ചിവീട്ടില്‍ കയറി സംഘം രണ്ടരകിലോമീറ്റര്‍ അകലെയുള്ള എസ്.എന്‍. ജെട്ടിയിലേക്ക്.

എസ്.എന്‍. ജെട്ടിയില്‍ രാജാവും രാജ്ഞിയും ഇറങ്ങി മുല്ലയ്ക്കല്‍ വില്ലേജിലെ പാടശേഖരം സന്ദര്‍ശിച്ചു. കഴിഞ്ഞ പ്രളയകാലത്തെ ഇവിടുത്തെ സ്ഥിതിയും ജലനിരപ്പും മറ്റ് കാര്യങ്ങളും ഇതിനിടെ ജില്ലാ കളക്ടറോടും തിരക്കിയിരുന്നു. കുട്ടനാട്ടിലെ കൃഷിയുടെ പ്രത്യേകതകളും രാജാവും രാജ്ഞിയും ചോദിച്ചറിഞ്ഞു. ഹൃസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം വഞ്ചി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെട്ടിയില്‍ തടച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു. വഞ്ചിവീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ചര്‍ച്ചകളും നടത്തി. അല്‍പ്പസമയം ബോട്ടിന്റെ മുകള്‍ തട്ടില്‍ നിന്ന രാജാവും രാജ്ഞിയും കായല്‍ ഭംഗിയും ആസ്വദിച്ചു. 10.10 ഓടെ സംഘം ഫിനിഷിങ് പോയിന്റില്‍ തിരികെയെത്തി. 10.15 ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. രാജാവിന്റെ വഞ്ചിവീടിനെ അനുഗമിച്ച് ഡച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം ബോട്ട് തയ്യാറാക്കിയിരുന്നു. നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി വേണുരാജാമണിയും ഡച്ച് ഉദ്യോഗസ്ഥ വൃന്ദവും രാജാവിനെ അനുഗമിച്ചു. രാജസംഘം യാത്രചെയ്ത വഴിയോരത്ത് ഇരുരാജ്യങ്ങളുടെയും പതാകകള്‍ ഏന്തി കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും നിലയുറപ്പിച്ചിരുന്നു. കുപ്പപ്പുറം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇരുരാജ്യങ്ങളുടെയും പതാക വീശി രാജാവിനെയും രാജ്ഞിയെയും അഭിവാദ്യം ചെയ്തു.

അമ്പലപ്പുഴയുടെ പ്രശസ്തമായ വേലകളി സംഘമാണ് ആലപ്പുഴ സന്ദര്‍ശിച്ച നെദര്‍ലാന്‍ഡ് രാജാവ് വില്ലം അലക്സാണ്ടറെയും രാജ്ഞി മാക്സിമയെയും വരവേറ്റത്. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനുഷ്ഠാന കലയായ വേലകളി മാത്തൂര്‍ രാജീവ് പണിക്കര്‍ പരിശീലിപ്പിച്ച സംഘമാണ് രാജാവിന് മുന്നില്‍ അവതരിപ്പിച്ചത്. മധ്യകാലഘട്ടത്തിലെ ഭടന്‍മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ 16 കലാകാരന്‍മാരാണ് കലാവതരണം നടത്തിയത്. ഇവര്‍ മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാളും പരിചയും വീശുകയാണ് ചെയ്യുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വേലകളിയുടെ ഭാഗീക രൂപമാണ് പുന്നമട ഫിനിഷിങ് പോയിന്റില്‍ അവതരിപ്പിച്ചത്. തകില്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിച്ചുള്ളൂ. ഫിനിഷിങ് പോയിന്റിലെ യാത്രാ യാനത്തിലേക്കുള്ള പ്രവേശന പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്താണ് വേലകളി ഒരുക്കിയിരുന്നത്.

കുട്ടനാട് സന്ദര്‍ശനത്തിനെത്തിയ വില്ലം അലക്സാണ്ടറിനേയും ഭാര്യ മാക്സിമയേയും വരവേല്‍ക്കാനെത്തിയ സ്‌കൂള്‍ കുട്ടികള്‍ ചടങ്ങില്‍ വേറിട്ട കാഴ്ചയായി. പുന്നപ്ര എം.ആര്‍.എസ്. സ്‌കൂള്‍, എന്‍.റ്റി.പി.സി. കേന്ദ്രീയ വീദ്യാലയം, കോഴിമുക്ക് യു.പി. സ്‌കൂള്‍, മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 20 യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് രാജാവിനെയും രാജ്ഞിയെയും സ്വീകരിക്കാനായി പുന്നമട ഫിനിഷിംഗ് പോയിന്റില്‍ എത്തിയത്. കുട്ടനാടിന്റെ തനതായ ശൈലിയില്‍ ഇവര്‍ പാടിയ വഞ്ചിപ്പാട്ട് ഉത്സാഹത്തോടെയും ക്ഷമയോടെയും കേട്ടാസ്വദിച്ച ശേഷമാണ് രാജാവും രാജ്ഞിയും കായല്‍ യാത്രക്കായി പുറപ്പെട്ടത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി ജെഫ്രിന്‍ ചാക്കോ രാജ്ഞിയെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചു. പാട്ട് ആസ്വദിച്ച ശേഷം കുട്ടികളുമായി കുശലവും പറഞ്ഞാണ് രാജാവ് നടന്നു നീങ്ങിയത്. കുട്ടനാടിന്റെ പാരമ്പര്യത്തെക്കുറിച്ചും വഞ്ചിപ്പാട്ടിനെ കുറിച്ചും സഹായികള്‍ രാജാവിന് വിവരിച്ച് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week