മോസ്‌ക്കോ: യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യക്കെതിരെ ഉപരോധം കടുക്കുന്നു. യുഎസ് ക്രഡിറ്റ് കാര്‍ഡ്, പേയ്‌മെന്റ് ഭീമന്മാരായ അമേരിക്കന്‍ എക്‌സ്പ്രസ് റഷ്യയിലെയും ബെലാറുസിലേയും പ്രവര്‍ത്തനം നിര്‍ത്തി. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്‌സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം അവസാനിപ്പിച്ചു.
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തില്‍ റഷ്യയിലെ തങ്ങളുടെ സേവനം നിര്‍ത്തുകയാണെന്ന് നെറ്റ്ഫ്‌ലിക്‌സ് വക്താവ് പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലേയും ബെലാറുസിലേയും പ്രവര്‍ത്തമാണ് അമേരിക്കന്‍ എക്‌സ്പ്രസ് നിര്‍ത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല.
ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റര്‍ കാര്‍ഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു. യുഎസ് മള്‍ട്ടിനാഷണല്‍ കമ്പനികളായ ഇവ കാര്‍ഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്. യുക്രൈന്‍ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകള്‍ മരവിപ്പിക്കുന്നതെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ ബാങ്കുകള്‍ അനുവദിച്ച കാര്‍ഡുകള്‍ ഇനിമേല്‍ വിദേശ രാജ്യങ്ങളില്‍ നിഷ്‌ക്രിയമായിരിക്കുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകള്‍ അനുവദിച്ച വിസ, മാസ്റ്റര്‍ കാര്‍ഡുകളില്‍ റഷ്യയിലും ഇടപാടുകള്‍ നടത്താനാവില്ല. റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാര്‍ക്ക് കാര്‍ഡുപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്ന് മാസ്റ്റര്‍ കാര്‍ഡ് പറഞ്ഞു. കാലാവധി കഴിയും വരെ രണ്ട് കാര്‍ഡുകളും റഷ്യയില്‍ ഉപയോഗിക്കാനാകുമെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്കും എസ്ബെര്‍ ബാങ്കും അവകാശപ്പെട്ടു.