പീഡന പരാതി; ‘പടവെട്ട്’ സംവിധായകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിനിമ സംവിധായകന്‍ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും വച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി.

കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ലിജു കൃഷ്ണന്‍ സമ്മതിച്ചിരുന്നു. ബന്ധത്തില്‍നിന്നു പിന്മാറാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ലിജു കൃഷ്ണയുടെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന യുവതി തന്നെയാണ് പരാതിക്കാരി.

കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സെറ്റില്‍നിന്നാണ് ലിജു കൃഷ്ണനെ ഇന്‍ഫോ പാര്‍ക്ക് പോലീസ് കസ്റ്റഡില്‍ എടുത്തത്. നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തിവച്ചു.

സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News