ന്യൂഡല്‍ഹി: നീറ്റ് പി.ജി. 2024-ന്റെ പുതുക്കിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍.ടി.എ) ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതലസമിതി ഏജന്‍സി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കാന്‍ പുതിയനിയമം രൂപവത്കരിച്ചിട്ടുണ്ടെന്നും മുഴുവന്‍ കേസും സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തോട് ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ജൂണ്‍ 23-ന് നടത്താനിരുന്ന നീറ്റ് പി.ജി. പരീക്ഷ 22-ന് രാത്രിയാണ് മാറ്റിയത്. നീറ്റ് യു.ജി., യു.ജി.സി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ച പശ്ചാത്തലത്തിലായിരുന്നു തീരുമാനം.