പാട്‌ന: നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലേക്ക്. നീറ്റ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പര്‍ തനിക്ക് ലഭിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഹാറിലെ സമസ്തിപൂര്‍ നിവാസിയായ അനുരാഗ് യാദവ് (22) എന്ന വിദ്യാര്‍ത്ഥി രംഗത്തെത്തി. കേസ് അന്വേഷിക്കുന്ന പൊലീസിനോട് അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയത്.
തന്റെ അമ്മാവനായ ജൂനിയര്‍ എഞ്ചിനീയര്‍ വഴിയാണ് ചോദ്യപേപ്പര്‍ ലഭിച്ചത് എന്നും അനുരാഗ് പറയുന്നു. ബീഹാറിലെ ദനാപൂര്‍ ടൗണ്‍ കൗണ്‍സിലില്‍ (ദാനപൂര്‍ നഗര്‍ പരിഷത്ത്) വിന്യസിച്ച എഞ്ചിനീയറായ അമ്മാവന്‍ സിക്കന്ദര്‍ പ്രസാദ് യാദവേന്ദുവാണ് ചോദ്യപേപ്പര്‍ നല്‍കിയത് എന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഒരു ദിവസം മുമ്പ് തനിക്ക് ലഭിച്ചെന്നും ഉത്തരങ്ങള്‍ മനഃപാഠമാക്കാന്‍ ശ്രമിച്ചുവെന്നും അനുരാഗ് യാദവ് പറഞ്ഞു.
പരീക്ഷ എഴുതാന്‍ ഇരുന്നപ്പോള്‍, അമ്മാവന്‍ നല്‍കിയ ചോദ്യപേപ്പറുമായി യഥാര്‍ത്ഥ ചോദ്യപേപ്പര്‍ പൊരുത്തപ്പെട്ടിരുന്നതായും വിദ്യാര്‍ത്ഥി പറഞ്ഞു. പിടിയിലായ നിതീഷ് കുമാറും അമിതും ചേര്‍ന്ന് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്താനാകുമെന്ന് തന്നോട് പറഞ്ഞതായാണ് യാദവേന്ദു പറയുന്നത്. ചോദ്യപേപ്പര്‍ ആവശ്യമുള്ള നാല് പേര്‍ തന്റെ പരിചയത്തിലുണ്ടെന്ന് അവരോട് പറഞ്ഞു.
അമിതും ആനന്ദും താനും ചേര്‍ന്നാണ് മേയ് നാലിന് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയത് എന്നും യാദവേന്ദു പറഞ്ഞു. പകരം 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷയില്‍ ക്രമക്കേടും ഉണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നിരവധി ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടെ ക്രമക്കേടില്‍ ഉള്‍പ്പെട്ട ആറ് പേരും നാല് വിദ്യാര്‍ത്ഥികളും മൂന്ന് രക്ഷിതാക്കളുമടക്കം 13 പേരെ പട്‌ന പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷാ മാഫിയ സംഘവുമായി ബന്ധമുള്ള 11 വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പറുകളും റോള്‍ കോഡുകളും പട്ന പൊലീസ് കണ്ടെത്തിയിരുന്നു.
പിന്നീട്, കേസ് സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിലേക്ക് മാറ്റിയപ്പോള്‍ ഇവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ എന്‍ടിഎയോട് ആവശ്യപ്പെട്ടു. അതേസമയം നീറ്റില്‍ ചിലയിടങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്‍ടിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ ക്രമക്കേടുകളും മറ്റും മാത്രമാണ് മന്ത്രി സമ്മതിച്ചിരുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചിരുന്നു. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തള്ളുന്നതാണ് വിദ്യാര്‍ത്ഥിയുടെ കുറ്റസമ്മതമൊഴി. മെയ് 5 ന് നടന്ന നീറ്റ് പരീക്ഷയില്‍ ഏകദേശം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. നിശ്ചയിച്ചതിനും 10 ദിവസം മുമ്പ് പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു.
അസേമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് അധികമായി നല്‍കിയെന്ന ആരോപണവും മൂലം വിവാദത്തിലാകപ്പെടുകയായിരുന്നു. അതേസമയം നീറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിച്ചു. നീറ്റിന്റെ കൗണ്‍സിലിംഗ് സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. എന്നാല്‍ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള എന്‍ടിഎ ഹര്‍ജി പരിഗണിച്ച ബെഞ്ച് പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് രാജസ്ഥാന്‍, ബോംബെ, കല്‍ക്കട്ട ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത നടപടികള്‍ നിര്‍ത്തിവച്ചു.
എന്‍ടിഎയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജികളില്‍ നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ ഹര്‍ജികളും ജൂലൈ 8 ന് വാദം കേള്‍ക്കുകയും ചെയ്യുമെന്നും കോടതി അറിയിച്ചു. നീറ്റ്-യുജി പരീക്ഷയിലെ അപാകതകള്‍ സംബന്ധിച്ച പുതിയ ഹര്‍ജികളില്‍ എട്ടെണ്ണം 56 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചതാണ്. എസ്എഫ്‌ഐയും ഒരു നിവേദനം നല്‍കിയിട്ടുണ്ട്.
സുതാര്യത നിലനിര്‍ത്തുന്നതിനും പേപ്പര്‍ ചോര്‍ച്ച തടയുന്നതിനും ഭാവിയിലെ പരീക്ഷകളില്‍ അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനും ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോടും പരീക്ഷ നടത്തുന്ന ഏജന്‍സികളോടും നിര്‍ദേശിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. അതിനിടെ അഴിമതി, പേപ്പര്‍ ചോര്‍ച്ച, ക്രമക്കേടുകള്‍ എന്നിവ ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പേപ്പര്‍ ചോര്‍ച്ചയുടെ പ്രഭവകേന്ദ്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.