EntertainmentKeralaNews

മഞ്ജു വാര്യരുടെ പരാതി വ്യാജം,താരത്തിന്റെ കയ്യക്ഷരമോ ഒപ്പോ ഇല്ല, മലയാള സിനിമയില്‍ ആഴത്തില്‍ വേരുള്ള സെക്‌സ് റാക്കറ്റ്;വെളിപ്പെടുത്തലുമായി സംവിധായകന്‍

കൊച്ചി:നടി മഞ്ജു വാര്യരേയും പിണറായി സർക്കാരിനേയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധാകൻ സനൽ കുമാർ ശശിധരൻ. മഞ്ജു തനിക്കെതിരെ കൊടുത്ത പരാതി വ്യാജമാണെന്ന് അദ്ദേഹം ആവർത്തിച്ചു. കേസെടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് തനിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറാകാത്തതെന്നും സംവിധായകൻ ചോദിച്ചു. കടുത്ത വിമർശനമാണ് നടിക്കെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലുട നീളം സനൽകുമാർ ഉന്നയിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

‘സിപിഎം നെയും പിണറായി വിജയനെയും വിമർശിച്ചുകൊണ്ട് പോസ്റ്റിട്ടാൽ അതിനടിയിൽ വരുന്ന കമന്റുകൾ എനിക്കെതിരെ മഞ്ജുവാര്യരുടെ പേരിൽ കെട്ടിച്ചമച്ച കള്ളക്കേസിനെയും അതിന്റെ പേരിൽ ഉണ്ടായ നിയമവിരുദ്ധമായ അറസ്റ്റിനെയും സൂചിപ്പിച്ചുകൊണ്ടുള്ള അപഹാസങ്ങളാണ്. എഴുതണ്ട എന്നു കരുതിയിരുന്ന ആ വിഷയത്തെക്കുറിച്ച് വീണ്ടും എഴുതിക്കാൻ അവ കാരണമാവുകയാണ്.

എനിക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിന് കാരണമായ പരാതിയും FIR ഉം രജിസ്റ്റർ ചെയ്തിട്ട് രണ്ടു വർഷങ്ങളും രണ്ടു മാസങ്ങളും കടന്നുപോയി. നാളിതുവരെ ആ കേസിൽ ഒരുതരം അന്വേഷണവും നടന്നിട്ടില്ല. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയോ കോടതിയിൽ ചാർജ് നൽകുകയോ ചെയ്തിട്ടില്ല. അത് ചെയ്യുകയില്ല എന്ന് ആ കേസ് രജിസ്റ്റർ ചെയ്ത നാൾ മുതൽ ഞാൻ പറയുന്നതാണ്. കാരണം അത്‌ കള്ളക്കേസാണ് എന്നത് മാത്രമല്ല അതിനു പിന്നിൽ ഹീനമായ രാഷ്ട്രീയ-മാഫിയാ ഗൂഢാലോചന നടന്നിട്ടുണ്ട്.

പിണറായി വിജയനെ ചോദ്യം ചെയ്യാനാവാത്ത നേതാവായി നിലനിർത്തുന്ന, മലയാള സിനിമയിൽ ആഴത്തിൽ വേരുകളുള്ള സെക്സ് റാക്കറ്റിന്റെ താല്പര്യപ്രകാരമാണ് എനിക്കെതിരെ ആ കള്ളക്കേസും അതിന്റെ മറവിൽ എന്നെ അന്യായമായി പിടിച്ചുകൊണ്ടു പോകാനുള്ള പോലീസ് നടപടിയും ഉണ്ടായിട്ടുള്ളത്. അതിൽ കേരളത്തിലെ ആഭ്യന്തരവകുപ്പിന് കൃത്യമായ പങ്കുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകാവുന്ന വകുപ്പുള്ള ഒരു കേസിൽ ആലുവ കോടതി പരിധിയിലുള്ള എളമക്കര പോലീസ് സ്റ്റേഷനിലെ എസ്ഐയും പോലീസുദ്യോഗസ്ഥരും രണ്ട് ഗുണ്ടകളും ഒരു ഇന്നോവ കാറിൽ തമിഴ്നാട്ടിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് എന്നെ പിന്തുടർന്ന് പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത് കേരളത്തിലെ ആഭ്യന്തരവകുപ്പ് അറിയാതെ നടക്കുന്ന കാര്യമല്ല. ആരാണ് ആ ഇന്നോവ കാറിന്റെ ഉടമ, ആരാണ് പണം നൽകിയത്?

മഞ്ജു വാര്യരുടെ പേരിൽ കൊടുത്തിട്ടുള്ള ആ പരാതി കളവാണ് എന്ന് ഞാൻ തുടക്കം മുതൽ പറയുന്നതാണ്. എന്റെ ഫോണുകൾ പിടിച്ചെടുത്ത പോലീസ് അത്‌ ഫോറൻസിക് പരിശോധനക്ക് അയച്ചു എന്നാണ് കോടതിയിൽ പറഞ്ഞത്. എന്താണ് അതിൽ നിന്ന് കണ്ടുകിട്ടിയത് എന്ന് ഇതുവരെയും കോടതിയിൽ പറഞ്ഞിട്ടില്ല. ഇത്രയും ഉത്സാഹത്തോടെ ഒരു കൊടും ക്രിമിനലിനെ പിടിക്കുന്നപോലെ എന്നെ പിടിച്ചുകൊണ്ടുപോയ പോലീസ് എന്തുകൊണ്ട് ആ കേസ് അന്വേഷിക്കുന്നില്ല എന്ന് എന്നെ ആ കേസിന്റെ പേരിൽ അപഹസിക്കുന്ന പിണറായി വിജയന്റെ അടിമകൾ സ്വയം ചോദിക്കണം. നിങ്ങളുടെ നേതാവിന്റെ ചീഞ്ഞ ചരിത്രം അയാൾ നടത്തിയ അഴിമതിയിലും കൊലപാതകങ്ങളിലും കൊള്ളയിലും മാത്രം ഒതുങ്ങുന്നതല്ല എന്ന് മനസിലാകും. അതവിടെ നിൽക്കട്ടെ നാവും നട്ടെല്ലുമില്ലാത്ത ജനത ഇങ്ങനെ ഒരാളെ ഭരണാധികാരിയായി അർഹിക്കുന്നുണ്ട് എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്.

മഞ്ജുവാര്യരുടെ പേരിൽ ഉണ്ടാക്കിയ കേസിലേക്ക് വരാം. ഈ കേസിന്റെ പേര് പറഞ്ഞ് ആണല്ലോ ഇപ്പോൾ എനിക്കെതിരെയുള്ള വ്യക്തിയധിക്ഷേപം നടക്കുന്നത്. ആ കേസിൽ എന്റെ നിരപരാധിത്വം തെളിയുന്നതുവരെ സിനിമയെടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ എന്റെ കലാജീവിതത്തിൽ നിന്ന് മാറിനിന്നിട്ട് രണ്ടുവർഷങ്ങൾ കഴിഞ്ഞുപോയി. എനിക്കെതിരെയുള്ള കേസിൽ ഒന്നുകിൽ തെളിവുകൾ നൽകി കോടതിയിൽ എന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം എന്നും അല്ലെങ്കിൽ ആ കേസ് പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഞാൻ മഞ്ജു വാര്യരുടെ അമ്മയെയും സഹോദരനായ മധു വാര്യരെയും സമീപിച്ചിരുന്നു. ഒരു തവണ മഞ്ജു വാര്യരോട് സംസാരിക്കാം എന്ന് പറഞ്ഞ മധു വാര്യർ പിന്നീട് ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല.

ഈ കേസിന്റെ പേരിൽ എവിടെയും എന്നെ പിന്തുടർന്ന് എന്റെ ജീവിതത്തെ വേട്ടയാടുന്ന സാഹചര്യമുണ്ട് എന്നതിനാൽ അതിൽ ഒരു തീർപ്പുണ്ടാക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപ് ഞാൻ മഞ്ജു വാര്യരുടെ അടുത്ത ചില സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. അതിൽ ഒരാൾ പ്രതികരിക്കുകയും മഞ്ജു വാര്യരുടെ അഭിഭാഷക എന്ന് പരിചയപ്പെടുത്തി ഒരു വക്കീലിന്റെ നമ്പർ അയച്ചു തരുകയും ചെയ്തു.

ഞാൻ അവരോട് സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞത് കേസ് പിൻവലിക്കാൻ ഞാൻ കോടതിയിൽ അപേക്ഷ കൊടുത്താൽ അതിനെ മഞ്ജുവാര്യരുടെ വക്കീൽ പിന്തുണയ്ക്കാം എന്നാണ്. തത്വത്തിൽ കക്ഷികൾ തമ്മിൽ സംസാരിച്ച് ഒത്തുതീർപിലെത്തി എന്നും കേസ് പിൻവലിക്കാൻ അനുവദിക്കണം എന്നുമാണ് അപേക്ഷകൊടുക്കേണ്ടത്. ഒരുതരം ഒത്തുതീർപ്പു സംസാരവും ഉണ്ടാകാതെ കേസ് പിൻവലിക്കാൻ ഞാൻ അപേക്ഷ കൊടുക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാകും എന്നതുകൊണ്ട് ഞാനത് ചെയ്തില്ല.

ആ കേസിനു പിന്നിലുള്ള ക്രിമിനൽ ഗൂഡാലോചനക്കാർ അതോടെ രക്ഷപ്പെടുകയും ചെയ്യും. ഇക്കാര്യത്തിൽ മഞ്ജു വാര്യർ മൗനം പാലിക്കുന്നതും എന്നോട് സംസാരിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാകും. എന്തുകൊണ്ടാണ് വളരെ ഉത്സാഹത്തോടെ ചെയ്ത് തീർത്ത കയറ്റം എന്ന സിനിമ പുറത്തു വരാത്തത് എന്നതും ആലോചിക്കാവുന്നതാണ്.

എനിക്കെതിരെയുള്ള കേസ് അവർ അറിഞ്ഞുകൊണ്ട് ഉള്ളതാണെങ്കിൽ എനിക്കെതിരെ കോടതിയിൽ തെളിവുകൾ നൽകേണ്ടത് അവരാണ്. അവരിൽ നിന്ന് തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കേണ്ടത് എന്നെ അത്യുത്സാഹത്തോടെ പിടിച്ചുകൊണ്ടു പോയ പൊലീസാണ്. ഇതൊന്നും തന്നെ ഉണ്ടാകില്ല. കാരണം മലയാള സിനിമയെ ചൂഴ്ന്ന് നിൽക്കുന്ന പെൺവാണിഭസംഘത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് തുള്ളുന്ന ആഭ്യന്തരവകുപ്പാണ് കേരളത്തിൽ ഇന്നുള്ളത്. ഇതേ കാരണം കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും വിധിയുണ്ടാകാത്തത്. ഇതേ കാരണം കൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരാത്തത്.

മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എനിക്കെതിരെ അധിക്ഷേപവുമായി വരുന്നവർ ഞാൻ ഇവിടെ ഉന്നയിച്ച വിഷയങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടുമോ? ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സിപിഎം നോടോ സർക്കാരിനോടോ ആവശ്യപ്പെടുമോ? എനിക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണ് എങ്കിൽ കോടതിൽ തെളിവുകൾ നൽകാനോ പത്രസമ്മേളനം നടത്തി പരസ്യമായി എന്റെ കുറ്റം വെളിപ്പെടുത്താനോ മഞ്ജു വാര്യരോട് അവശ്യപ്പെടുമോ? ഒരിക്കലുമില്ല. കാരണം കൂലിക്കെഴുത്തുകാരാണ് മിക്കവാറും ഇത്തരക്കാർ. സത്യം അവർക്കും അറിയാം. പക്ഷെ വാങ്ങിയ കാശിന് ജോലി ചെയ്യണമല്ലോ, അതുകൊണ്ട് എഴുതുന്നതാണ്.

ഇതോടൊപ്പമുള്ളത് എനിക്കെതിരെ മഞ്ജു വാര്യർ കൊടുത്തു എന്ന് പറയുന്ന പരാതിയുടെ അവസാന പേജിന്റെ ഫോട്ടോയാണ്. അതിൽ “മൊഴി വായിച്ചു നോക്കി ശരി” എന്ന വാചകവും ഒപ്പുമാണ് മഞ്ജു വാര്യരുടേത് എന്ന് പറയുന്നത്. ഇതും മഞ്ജു വാര്യരുടെ കയ്യക്ഷരമോ ഒപ്പോ അല്ലെന്ന് ഞാൻ ആരോപിക്കുകയാണ്. എന്റെ ആരോപണം തെറ്റാണ് എങ്കിൽ മഞ്ജു വാര്യർ നിഷേധിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker