കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചു, ഏജന്‍സിക്കാരുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ ശുചീകരണ ജീവനക്കാർ

കൊല്ലം: നീറ്റ് പരീക്ഷാ വിവാദത്തില്‍ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍.

ആയൂര്‍ മാര്‍ത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജന്‍സിക്കെതിരെ രംഗത്ത് വന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്.

കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചുവെന്നും ഏജന്‍സിക്കാരുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാര്‍ പറഞ്ഞു. കേസില്‍ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.

സംഭവത്തില്‍ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ 21ആം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ അഞ്ച് പേര്‍ക്കും ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് ഇന്ന് അറിയാം. എന്‍ ടി എ ഇന്ന് സമിതി അംഗങ്ങളുടെ പേര് പുറത്തുവിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സമിതിയിലുണ്ടെന്നാണ് സൂചന. എന്‍ ടി എ യില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാകും. സമിതി അംഗങ്ങള്‍ രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തുമെന്നാണ് വിവരം.

അതിനിടെ ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയെന്ന കേസിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. മഹാരാഷ്ട്ര, ബിഹാര്‍, യു പി സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇവിടങ്ങളില്‍ മൂന്ന് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തട്ടിപ്പ് സംഘത്തില്‍ ഡോക്ടര്‍മാരും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ 8 പ്രതികളില്‍ നാല് പേരെ പിടികൂടിയത് പരീക്ഷ ഹാളില്‍ നിന്നാണ്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്നതിന് സംഘം വാങ്ങിയിരുന്നത് ഇരുപത് ലക്ഷം രൂപയെന്നും മൊഴിയിലുണ്ട്. പണം നല്‍കിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News