FeaturedHome-bannerKeralaNews

പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകീട്ടാണ് സുനിയെ എത്തിച്ചത്. കേസിൽ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയതിന് ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം.

കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ ഇന്നലെ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ്‌ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തെളിവുകൾ നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കേസിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ.  അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി സുനിൽകുമാറിനെയും നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോഴും അതിജീവിത പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നതെങ്കിലും സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിചാരണക്കോടതിയിൽ ഉടനടി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബ‍ർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാർ പറ‌‌ഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker