തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും, പുതിയത് പണിയണമെന്നും, ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയില്‍ എത്തിയാല്‍ തമിഴ്നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നല്‍കും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേല്‍നോട്ട സമിതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കേരളം തയാറാക്കിവരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡി പി ആര്‍ ഡിസംബറില്‍ സര്‍ക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമര്‍പ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷക കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തുലാവര്‍ഷത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.