ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ മൂന്നാം വട്ട സത്യപ്രതിജ്ഞക്ക് മുന്നേ എൻ ഡി എയിൽ ആദ്യ കലാപക്കൊടി ഉയർത്തിയ എൻ സി പി വിട്ടുവീഴ്ചക്ക് തയ്യാർ. സത്യപ്രതിജ്ഞക്ക് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ അജിത് പവാർ, കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും പ്രഫുൽ പട്ടേൽ സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. കുറച്ചു ദിവസം കാത്തിരിക്കാം എന്ന് ബി ജെ പിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു.
ബി ജെ പിയോട് പിണക്കമില്ലെന്നാണ് പ്രഫുൽ പട്ടേൽ പറഞ്ഞത്. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിർദേശം ലഭിച്ചത്. എന്നാൽ കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം വിവരിച്ചു. ഇരു പാർട്ടികൾക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിതെന്നും കുറച്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രഫുൽ പട്ടേൽ വിശദീകരിച്ചു.
എൻ സി പിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി സജീവമാക്കിയിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് എൻ സി പിയെ പിന്നീട് പരിഗണിക്കുമെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്. കേന്ദ്ര മന്ത്രിസഭാ വിപുലീകരണ സമയത്ത് എൻ സി പിയെ പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.