4.72 കോടി രൂപയുടെ മക്‌ലാരൻ കാര്‍ എലി തിന്നു; വെളിപ്പെടുത്തി കാർത്തിക് ആര്യന്‍
മുംബൈ: ബോളിവുഡിലെ തന്‍റെതായ സ്ഥാനം ഉറപ്പിച്ച യുവ നടനാണ് കാർത്തിക് ആര്യന്‍. താരത്തിന്‍റെ വന്‍ ബജറ്റില്‍ ഒരുക്കുന്ന ചന്ദു ചാമ്പ്യൻ റിലീസിനായി ഒരുങ്ങുന്നതിനൊപ്പം അദ്ദേഹം ഭൂൽ ഭുലയ്യ 3 യുടെ ചിത്രീകരണത്തിലാണ് താരം.
അടുത്തിടെ താരം തന്‍റെ ആഡംബര കാറായ മക്‌ലാരൻ ജിടി എലി തിന്ന രസകരമായ ഒരു സംഭവം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം. ഭൂൽ ഭുലയ്യ 2 എന്ന 2022 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ വിജയത്തിന് ശേഷം അതിന്‍റെ നിര്‍മ്മാതാവ് ഭൂഷൺ കുമാറാണ് ഈ കാര്‍ സമ്മാനിച്ചത്. മക്‌ലാരൻ ജിടി കാറിന്‍റെ വില 4.72 കോടി രൂപയാണ്. തന്‍റെ വിലകൂടിയ കാർ ഇപ്പോള്‍ എലികളുടെ സങ്കേതമായെന്നും അത് നന്നാക്കുവാന്‍ വീണ്ടും ലക്ഷങ്ങൾ മുടക്കേണ്ടി വന്നെന്നും കാർത്തിക് വെളിപ്പെടുത്തി.
ദ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ, എലികൾ കാറിന്‍റെ മാറ്റില്‍ താമസം തുടങ്ങി അത് കടിച്ചുമുറിച്ചു അതിനാല്‍ തനിക്ക് മക്ലാരൻ ഓടിക്കാൻ കഴിയില്ലെന്ന് കാർത്തിക് വെളിപ്പെടുത്തി. “ഞാൻ എന്‍റെ മറ്റൊരു കാറാണ് ഓടിച്ചിരുന്നത്. അതിനാല്‍ മക്‌ലാരൻ ആദ്യം ഓടിച്ചില്ല. അതിനാല്‍ ഏറെക്കാലം ഗാരേജിൽ കിടന്നതിനാൽ എലികൾ അതില്‍ പലതും കടിച്ചുമുറിച്ചു. പിന്നീട് ലക്ഷക്കണക്കിന് രൂപ വേണ്ടി വന്നു അത് നന്നാക്കാന്‍” താരം പറഞ്ഞു.
ചന്ദു ചാമ്പ്യൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം കബിര്‍ ഖാൻ നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്റെ മേയ്‍ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു.
കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചിത്രമാണ് ചന്ദു ചാമ്പ്യന്‍. 1983 ന് ശേഷം വീണ്ടും ഒരു ബയോപിക് ഒരുക്കുകയാണ് കബീര്‍ ഖാന്‍. സാജിത് നഡ്വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നടത്തുന്നത്. പ്രീതമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.