തിരുവനന്തപുരം നക്‌സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലി കാട്ടില്‍ പൊലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം.വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്കായി സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത തുകയാണ് 50 ലക്ഷം രൂപ. 1970 ഫെബ്രുവരി 18ന് ആണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.
വര്‍ഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നു ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇതു സംബന്ധിച്ചു നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. തുടര്‍ന്നു സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണു സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചത്.
മുന്‍പ് സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസ്, വയനാട്ടിലെ ആദിവസികള്‍ക്കിടയിലെ പ്രവര്‍ത്തന കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും. പോലീസ് പിടിയിലായി കൊല്ലപ്പെടുകയും ചെയ്തു. വര്‍ഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ആദ്യം ഔദ്യോഗികവിശദീകരണം വന്നത്. എന്നാല്‍ മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ഗ്ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലോടെയാണ് ശരിയായ മരണകാരണം വെളിച്ചത്തുവന്നത്.
രാമചന്ദ്രന്‍ നായര്‍ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലാണ്. ജാമ്യം ലഭിച്ച രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ മാസത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.
2010 ഒക്ടോബര്‍ 27-ന് വര്‍ഗീസ് വധക്കേസില്‍ മുന്‍ പോലീസ് ഐ.ജി. ലക്ഷ്മണ കുറ്റക്കാരനാണന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിക്കുകയുണ്ടായി. കൂട്ടുപ്രതിയായ മുന്‍ ഡി.ജി.പി. വിജയനെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ വര്‍ഗ്ഗീസ് വധം നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ കോടതി കണക്കിലെടുത്തിരുന്നില്ല. ഹനീഫ എന്ന പോലീസുകാരന്റെ മൊഴിയാണ് ശിക്ഷ വിധിക്കാന്‍ പ്രധാന തെളിവായി കോടതി അംഗീകരിച്ചത്.
ഒരു കൊലപാതകത്തിന് 40 വര്‍ഷത്തിനുശേഷം വിധിവരുന്ന അപൂര്‍വ്വതയും ഈ കേസിലുണ്ടായി.തുടര്‍ന്ന് 2011 ഫെബ്രുവരി 4-ന് ഐ.ജി. ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.ലക്ഷ്മണയ്ക്ക് 2010 ഒക്ടോബറില്‍ പ്രത്യേക സി.ബി.ഐ. കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെയ്ക്കുകയും ശിക്ഷ ഇളവ് ചെയ്യണമെന്ന ഹര്‍ജി തള്ളുകയും ചെയ്തു.