തൊടുപുഴ: പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസിൽ ട്വിസ്റ്റ്. കാണാതായ നൗഷാദിനെ കണ്ടെത്തി. തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ നൗഷാദ് പ്രതികരിച്ചു. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്, ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെളിപ്പെടുത്തി.
പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്ന് തന്നെ മർദ്ദിച്ചിരുന്നുവെന്നും, ഇതിൽ ഭയന്നാണ് താൻ വീട് വിട്ടതെന്നുമാണ് നൗഷാദ് പറഞ്ഞത്. മൊബൈൽ ഫോൺ ഒന്നും ഇല്ലാതെയാണ് നൗഷാദ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. അതിനാലാണ് നൗഷാദ് ജീവിച്ചിരിക്കുന്ന വിവരം ബന്ധുക്കൾക്ക് അറിയാൻ കഴിയാതെ പോയത്.
സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതൽ വാർത്തകളിൽ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജയ്മോനാണ് വിവരം ലഭിച്ചത്.
തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വർഷമായി കഴിയുകയായിരുന്നു നൗഷാദ്. ബന്ധുവായ ഒരാളാണ് ജയ്മോന് നൗഷാദിനെ കുറിച്ച് വിവരം നൽകിയത്. ജയ്മോൻ നടത്തിയ അന്വേഷണത്തിൽ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
തൊടുപുഴയിൽ ഒരു പറമ്പിൽ കൈത്തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വർഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇയാളെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്.
അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്.
വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിൻറെ അസ്ഥാനത്തിൽ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ അഫ്സാനയെ അറസ്റ്റ് ചെയ്തിരുന്നു. പരസ്പര വിരുദ്ധമായ മൊഴികൾ നൽകുകയും മൃതശരീരം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതോടെ നൗഷാദ് ജീവനോടെയുണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്.