KeralaNews

വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം: ചില്ല് തകർന്നു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം. ട്രെയിനുകൾക്ക് നേരെ കല്ലേറാണുണ്ടായത്. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി.വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം നടന്നത്

ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട രാജ്യത്തെ പ്രീമിയം ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായിരുന്നു. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് കല്ലേറുണ്ടായത്. സി 7 കോച്ചിന്‍റെ ചില്ലാണ് തകര്‍ന്നത്. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിന് കല്ലേറില്‍ സാരമായ കേടുപാടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി. യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടില്ല. ഇത് ആദ്യമായല്ല ഇതേ പാതയില്‍ ഓടുന്ന വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്.22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

സി 12 കോച്ചിന്‍റെ ബാറ്ററി ബോക്സില്‍ നിന്നാണ് തീ പടര്‍ന്നത്. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് ഈ പാതയില്‍ താണ്ടുന്നത്. നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം സംഭവങ്ങളാണ് വന്ദേ ഭാരത് കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങളും രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker