ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ യുക്രൈൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത് – പുടിൻ ആഹ്വാനം ചെയ്തു.
പുടിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രൈനെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. അതേസമയം അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കുള്ള സ്വിഫ്റ്റ് ശൃംഖലയിൽ നിന്നും റഷ്യയെ പുറത്താക്കണം എന്ന് ആവശ്യത്തെ ഫ്രാൻസ് പിന്തുണച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിൻ്റെ ശ്രമമെന്ന് നേരത്തെ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തൻ്റെ കുടുംബവുമാണെന്നും തൻ്റെ സർക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലൻസ്കി തുറന്നടിച്ചിരുന്നു.
യുക്രൈനിൽ അതിവേഗം അധിനിവേശം നടത്തിയ റഷ്യ ഏറ്റവും ഒടുവിൽ കീവിലെ അന്താരാഷ്ട്ര വിമാനത്താവളം കൂടി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ കൊട്ടാരവും പാർലമെൻ്റ മന്ദിരവും അടക്കം നിർണായകമായ ചില കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോൾ റഷ്യ നടത്തുന്നത്. പടിഞ്ഞാറുമായി ബന്ധപ്പെട്ടാനുള്ള എല്ലാ വഴികളും വിച്ഛേദിച്ചുവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അവസാന പോരാട്ടത്തിന് ഒരുങ്ങിയിറങ്ങിയ യുക്രൈൻ ശക്തമായ പ്രതിരോധത്തിനാണ് ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. കീവ് നഗരത്തിനുള്ളിൽ റഷ്യൻ സൈന്യത്തെ നേരിടാൻ തയ്യാറായി യുക്രൈൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. സാധാരണ യുക്രൈൻ പൌരൻമാരും ആയുധങ്ങളുമായി സൈന്യത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
റഷ്യൻ അധിനിവേശം (Russia Invasion) തുടരുന്ന യുക്രൈനിൽ (Ukraine) നിന്ന് സ്വദേശികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോർട്ട്. അരലക്ഷത്തിലധികം യുക്രൈനികൾ 48 മണിക്കൂറിനിടെ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ (UN) റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. അതിനിടെ, കീവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെടിയൊച്ച കേട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തിരക്കേറിയ സമയത്താണ് വെടിയൊച്ച ഉയർന്നതെന്നാണ് റിപ്പോർട്ട്. നാടുവിടാനെത്തിയവരുടെ വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്.