ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍ ആയേക്കും
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായേക്കുമെന്ന് സൂചന. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് പണിമുടക്കിനെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ തൊഴില്‍മേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകള്‍ പറയുന്നു. 25 യൂണിയനുകളാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികള്‍ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. ബാങ്ക് ഓഫീസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെങ്കിലും ക്ലറിക്കല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും. ഇതോടെ പുതുതലമുറ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളും പ്രവര്‍ത്തിക്കില്ലെന്ന സ്ഥിതിയിലാണ്.