കൊച്ചി:മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മയാണ് ഇത്തവണ ഏറ്റുവാങ്ങിയത്. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് നേടികൊടുത്തത്.
ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം നഞ്ചിയമ്മ വിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍. കലാ-സംഗീത വിരുന്നൊരുക്കാന്‍ ലണ്ടനിലെത്തിയതാണ് നഞ്ചിയമ്മ. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് നഞ്ചിയമ്മ സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് തിരിച്ചത്.
അതോടൊപ്പം തന്നെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം സ്വന്തമാക്കിയ ആശാ പരേഖിനൊപ്പമിരുന്ന പാട്ട് പാടുന്ന നഞ്ചിയമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയതിനു ശേഷം സദസ്സിലിരിക്കവെയാണ് നഞ്ചിയമ്മ പാട്ട് പാടിയത്.
പാട്ടിനൊപ്പം താളം പിടിക്കുന്ന കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെയും ദൃശ്യങ്ങളിൽ കാണാനാകും. വിഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. തനിക്കു പുരസ്കാരം നേടിത്തന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ എന്ന പാട്ടാണ് നഞ്ചിയമ്മ ആലപിക്കുന്നത്.
പുരസ്കാരം ഏറ്റുവാങ്ങാൻ നഞ്ചിയമ്മ വേദിയിലേയ്ക്കെത്തിയപ്പോൾ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെയാണ് ആദരവ് പ്രകടിപ്പിച്ചത്. എപ്പോഴും മുഖത്ത് കാണാറുള്ള ആ നിറഞ്ഞ പുഞ്ചിരിയിലൂടെ പുരസ്കാര നേട്ടത്തിന്‍റെ സന്തോഷം നഞ്ചിയമ്മയും പ്രകടിപ്പിച്ചു.
4 പുരസ്കാരങ്ങളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമ സ്വന്തമാക്കിയത്. സച്ചി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. സച്ചിക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് ഭാര്യ സിജിയാണ്. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്.