ലോക്ക് ഡൗണ്‍ വരുത്തിയ മാറ്റം; സോഷ്യല്‍ മീഡിയകളില്‍ വൈറലായി നന്ദുവിന്റെ പുതിയ ചിത്രങ്ങള്‍

ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ടൊവിനോ തോമസുമടക്കം നിരവധി താരങ്ങള്‍ താടിയും മുടിയും നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. ഇപ്പോഴിതാ, ഇതുവരെ കാണാത്തൊരു ലുക്കിലെത്തി അമ്പരപ്പിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ നന്ദു.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള നന്ദുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നര വീണ താടിയും മുടിയുമൊക്കെയായി നന്ദുവിനെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക പ്രയാസമാണ്. മൂന്നുപതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഓരം ചേര്‍ന്നു നടക്കുന്ന നന്ദുവിന്റെ ഇതുവരെ കാണാത്ത ഈ പുതിയ ലുക്ക് ആരെയുമൊന്ന് അത്ഭുതപ്പെടുത്തും.

തിരുവനന്തപുരം സ്വദേശിയായ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു 1986ല്‍ സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നന്ദുവിന്റെ കരിയറിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സ്പിരിറ്റ് എന്ന ചിത്രത്തിലെ മണിയന്‍ എന്ന കഥാപാത്രം. പോയവര്‍ഷം ലൂസിഫര്‍, അതിരന്‍, പട്ടാഭിരാമന്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നന്ദുവിന് കഴിഞ്ഞു. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് നന്ദുവിന്റേതായി ഇനി റീലീസ് ചെയ്യാനുള്ള ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News