കൊച്ചി: കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി സി.പി.എമ്മിലേക്ക് മാറുന്ന കാര്യം ചർച്ചചെയ്തിരുന്നുവെന്ന് ടി.ജി. നന്ദകുമാർ. ഇ.പിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിനെതിരേ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലിൽ അയച്ചുതന്നു. ദീപ്തി ഇക്കാര്യം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിലേക്ക് ക്ഷണിച്ച് ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചെന്ന് ദീപ്തി മേരി വർഗീസ് വെളിപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനിയ്ക്കുണ്ടെന്നും കൊച്ചി കോർപറേഷൻ കൗൺസിലർ കൂടിയായ ദീപ്തി മേരി പറഞ്ഞിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് നന്ദകുമാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് ദീപ്തിയെ സമീപിച്ചത് ഞാനാണ്. ആ സമയത്ത് യു.ഡി.എഫിലെ അസംതൃപ്തരെ സി.പി.എമ്മിൽ എത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ബൂത്ത് തലത്തിലുള്ള ലിസ്റ്റും നൽകിയിരുന്നു. ഇ.പിയുടെ അറിവോടെയാണ് അവരെ കണ്ടത്. ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽനിന്ന് സി.പി.എമ്മിൽ എത്തിയ, ദീപ്തിയ്ക്കൊപ്പം കൗൺസിലറായിരുന്ന എം.ബി. മുരളീധരനാണ് അവരുടെ പേര് നിർദേശിച്ചത്. അദ്ദേഹത്തോടൊപ്പമായിരുന്നു കൂടിക്കാഴ്ച, നന്ദകുമാർ പറഞ്ഞു.
കോൺഗ്രസിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും പ്രവർത്തനം മാത്രമേ ഉള്ളൂവെന്നും ദീപ്തി ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അവരെ സമീപിച്ചതിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടാൻ സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾ ആരെങ്കിലും തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചാർജുണ്ടായിരുന്ന ജയരാജനെ വന്നുകണ്ടു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സത്യസന്ധത തെളിയിക്കാൻ ഉമാ തോമസിനെതിരേ വോട്ട് ചെയ്തതിന്റെ തെളിവ് അയച്ചുതരികയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം ദീപ്തിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരിൽനിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.