സീരിയല്‍ താരത്തിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം പുരോഗമിക്കുന്നു

ചെന്നൈ: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ് സീരിയല്‍ താരം വി.ജെ ചിത്ര (29) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്. മുഖത്ത് പാടുകളുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ യഥാര്‍ഥ കാരണം വ്യക്തമാകുമെന്നും പോലീസ് വ്യക്തമാക്കി.

സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞു ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയശേഷമാണു ചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ 2.30 നാണ് ചിത്ര ഹോട്ടല്‍ മുറിയിലെത്തിയത്. സഹതാരവും പ്രതിശുതവരനുമായ ഹേമന്തിനൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. റൂമിലെത്തിയ ചിത്ര തനിക്കു കുളിക്കണമെന്നും ഹേമന്തിനോടു പുറത്തേക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഹേമന്ത് വാതിലില്‍ മുട്ടി നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.

ഇതേതുടര്‍ന്നു, ഹോട്ടല്‍ ജീവനക്കാരില്‍ നിന്നു മുറിയുടെ മറ്റൊരു താക്കോല്‍ വാങ്ങി ഹേമന്ത് വാതില്‍ തുറന്നു നോക്കിയപ്പോഴാണു മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചിത്രയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ നസ്രത്ത്‌പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് ചിത്ര. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രശസ്തയാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News