KeralaNews

കൊച്ചിയില്‍ 14കാരിയ്ക്ക് ശിശുസംരക്ഷണ കേന്ദ്രത്തില്‍ ദുരൂഹമരണം; ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് പീഡനത്തിനിരയായതായി സംശയം

കൊച്ചി: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി എറണാകുളം പച്ചാളത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലിരിക്കെ ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത. 14 കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലപ്രയോഗത്തില്‍ പാടുകളും കണ്ടെത്തി.

പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്‍പ് നടത്തിയ വൈദ്യപരിശോധനയില്‍ ബലപ്രയോഗത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകളില്ലായിരുന്നു. എന്നാല്‍ മരണത്തിന് ശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗം നടന്നതിന്റെ തെളിവുകളുണ്ട്. കാലടി സ്വദേശിയായ 14കാരി പെണ്‍കുട്ടിയാണ് ഈ മാസം 12 നാണ് പച്ചാളത്തെ സംരക്ഷണ കേന്ദ്രത്തില്‍ കഴിയവെ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയേത്തുടര്‍ന്നായിരുന്നു മരണം.

സ്വന്തം പിതാവുള്‍പ്പെടെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പ് പച്ചാളത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്ന കുട്ടി ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നെന്നാണ് കപെര്‍ണോ അനാഥാലയം അധികൃതര്‍ പോലീസിന് നല്‍കിയ മൊഴി.

കുട്ടിയെ പീഡിപ്പിച്ചതുമായ ബന്ധപ്പെട്ട പോക്സോ കേസ് ജനുവരി അവസാന വാരത്തോടെ വിചാരണയാരംഭിയ്ക്കാനിരിയ്ക്കെയാണ് ദുരൂഹസാഹചര്യത്തിലുള്ള മരണം. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ന്യൂമോണിയ ആണ് മരണ കാരണം എന്ന് കണ്ടെത്തിയതായി ഡിസിപി ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

അതേസമയം, കുട്ടി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടെന്നും ബലപ്രയോഗത്തിലൂടെ കൈകളിലും കാലുകളിലും ശരീരഭാഗങ്ങളിലും നിരവധി മുറിവുകള്‍ രൂപപ്പെട്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും മുമ്പ് നടത്തിയ വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ കാര്യമായ പരിക്കുകളോ പാടുകളോ രേഖപ്പെടുത്തിയിട്ടില്ല.

ഇതോടെ സംഭവത്തില്‍, രണ്ടു സാധ്യതകളാണ് സംഭവത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, കുട്ടി പീഡത്തിനിരയായി ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലേക്ക് എത്തുംമുമ്പ് നടത്തിയ വൈദ്യപരിശോധനയില്‍ ഗുരുതരമായ പിഴവുകളുണ്ടായി. ഇത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകുമായിരുന്നു. രണ്ട്, അഭയകേന്ദ്രത്തില്‍ കഴിയുന്നതിനിടയിലും കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിരിക്കാം.

സമഗ്രമായ അന്വേഷണത്തിലൂടെ ദുരൂഹതകള്‍ ഇല്ലാതാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയുടെ രോഗവിവരം സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്ക് കൈമാറിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കള്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോം ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയശേഷം അടുത്തബന്ധുക്കളെ പോലും കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker