കൊട്ടിയം : രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികള്‍. മനമുരുകിയുള്ള പ്രാര്‍ഥനകള്‍ ഫലിക്കാതെ യാത്രയായ ഇളവൂര്‍ ധനീക്ഷ് മന്ദിരത്തില്‍ പ്രദീപ് ചന്ദ്രന്റെയും ധന്യയുടെയും മകള്‍ പൊന്നു എന്ന ദേവനന്ദ(7)യുടെ മരണമാണ് ഒടുവിലത്തേത്. വീട്ടുകാരും നാട്ടുകാരും മരണത്തില്‍ ദുരൂഹത ആരോപിക്കുമ്പോള്‍ സമഗ്രമായ തുടരന്വേഷണമാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം പുന്തലത്താഴത്ത് കോര്‍പ്പറേഷന്‍ സ്ഥലത്തെ വെള്ളക്കെട്ടില്‍ വീണ് പത്തുവയസ്സുകാരി കാവ്യ കണ്ണന്‍ ദാരുണമായി മരിച്ചത്.
കൊല്ലം കോര്‍പ്പറേഷന്റെ ഞാങ്കടവ് കുടിവെള്ളപദ്ധതിക്കുവേണ്ടി പുന്തലത്താഴം വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്‍റിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് കാവ്യ കണ്ണന്‍ മരിച്ചത്. സമീപത്ത് കൃഷിക്കായി ഉപയോഗിച്ചിരുന്ന വെള്ളച്ചാല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ച് വലിയകുളംപോലെയാക്കി നിര്‍മാണപ്രവൃത്തികള്‍ക്ക് വെള്ളമെടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു. കരാറുകാരന്റെ സൗകര്യത്തിനുവേണ്ടി കുഴികുത്തിയെങ്കിലും സുരക്ഷാനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ട്യൂഷന് പോയശേഷം നാലു വയസ്സുകാരി അനുജത്തിയോടൊപ്പം നടന്നുവരവേ തലകീഴായി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഒരു സുരക്ഷാനടപടിയുമില്ലാതെ അനധികൃതമായി കുളംകുഴിച്ചതിന് നടപടികള്‍ ആരും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ 22-നാണ് കൊട്ടിയത്ത് സ്വകാര്യ വിദ്യാലയത്തില്‍ പഠിക്കുന്ന മുഹമ്മദ് ഷാഫിയെന്ന പതിനേഴുകാരന്‍ മുഖത്തലയ്ക്കുസമീപം കുഴിവെട്ടിക്കുളത്തില്‍ മുങ്ങി മരിച്ചത്. കൂട്ടുകാരായ ഒന്‍പതു പേരുമായി കുളിക്കാന്‍പോയതായി പറയുന്നു. മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തിയത്.
മരണത്തില്‍സംശയം ഉന്നയിച്ച് രക്ഷിതാക്കള്‍ അടുത്തദിവസം തന്നെ കൊട്ടിയം പോലീസിന് പരാതി നല്‍കിയിരുന്നു. വിശദമായ പോസ്റ്റ്േമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ അന്വേഷണം വ്യാപകമാക്കൂ എന്നാണ് പോലീസ് പറയുന്നത്.മയ്യനാട് വെള്ളാപ്പില്‍മുക്കിനടുത്ത് രാജീവ് നിവാസില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ് പുത്തന്‍കുളത്തില്‍ മുങ്ങിമരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിരുദ വിദ്യാര്‍ഥിയായ പാരിപ്പള്ളി സ്വദേശി ഐശ്വര്യ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ചത്. ഇതോടെ നാട്ടുകാർ ആകെ പരിഭ്രാന്തിയിലാണ്.