പത്തനംതിട്ട: എ.ഐ. ക്യാമറയെ പറ്റിക്കാനായി നമ്പര്‍പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച ഇരുചക്രവാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം സ്വദേശിയായ വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തത്. രൂപമാറ്റം വരുത്തിയതിന് ഇയാളുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബൈക്കും പിടികൂടിയിട്ടുണ്ട്.
എ.ഐ. ക്യാമറയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ബൈക്കിന്റെ രണ്ട് നമ്പര്‍പ്ലേറ്റുകളും കറുത്ത മാസ്‌ക് ഉപയോഗിച്ചാണ് മറച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാളുടെ സുഹൃത്തിന്റെ രൂപമാറ്റം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തത്. ഈ ബൈക്കിന്റെ നമ്പറും വ്യക്തമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇരുവാഹനങ്ങള്‍ക്കുമായി ഇരുപതിനായിരം രൂപയോളം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കുന്നവരാണ് സാധാരണരീതിയില്‍ നമ്പര്‍പ്ലേറ്റുകള്‍ മറച്ച് യാത്രചെയ്യാറുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. പിടിച്ചെടുത്ത രണ്ട് ബൈക്കുകളും എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനായി പോലീസിനും എക്‌സൈസിനും വിവരങ്ങള്‍ കൈമാറുമെന്നും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ രൂപമാറ്റം വരുത്തിയും സൈലൻസർ മാറ്റി വച്ചും കാതടപ്പിക്കുന്ന രീതിയിൽ ചീറിപ്പാഞ്ഞ നൂറോളം ബൈക്കുകളെ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടുകയും മൂന്നര ലക്ഷം രൂപയോളം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ മോഷണം, അക്രമം, മയക്കുമരുന്ന് കടത്ത് പോലെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന ആളുകളാണ് ഇത്തരത്തിൽ വാഹനത്തിന്റെ നമ്പർ മറച്ചും മാറ്റിയും വയ്ക്കുന്നതെന്നും വിദ്യാർത്ഥികളുൾപ്പടെയുള്ള യുവാക്കൾ ഗുരുതരകുറ്റകൃത്യങ്ങളിലേക്ക് വീഴുന്നത് ഒഴിവാക്കാൻ ഇത്തരത്തിലുള്ള നിയലംഘനങ്ങൾ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പൊതുജനങ്ങൾ തയ്യാറാകണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.