മുംബൈ: മഹാരാഷ്ട്രയില്‍ ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അക്രമിസംഘം തല്ലിക്കൊന്നു. കുര്‍ള സ്വദേശിയായ അഫാന്‍ അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാസര്‍ ഷെയ്ഖ് എന്നയാള്‍ക്ക് പരിക്കേറ്റു. പശുസംരക്ഷകരായ ഒരു കൂട്ടം ആളുകളെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചിരുന്നെങ്കിലും അന്‍സാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ശനിയാഴ്ച രാത്രിയാണ് സംഭവം. നാഷിക് ജില്ലയിലൂടെ ഇറച്ചിയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു അന്‍സാരിയും നാസിര്‍ ഷെയ്ഖും. വഴിയില്‍വെച്ച് പശുസംരക്ഷകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. അക്രമികള്‍ സഞ്ചരിച്ച കാറും തകര്‍ത്തതായി പോലീസ് വ്യക്തമാക്കി. പോലീസ് എത്തുമ്പോൾ അഫാൻ അൻസാരി കാറിനകത്ത് അവശനിലയിലായിരുന്നു. പോലീസ് ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റയാള്‍ നല്‍കിയ പരാതിപ്രകാരം കൊലപാതകം, കലാപം എന്നിവയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കാറില്‍ ബീഫ് കടത്തിയിരുന്നോ എന്നത് പരിശോധനാ റിപ്പോര്‍ട്ടിനുശേഷമേ വ്യക്തമാകൂ.
ഗോവധ നിരോധന നിയമം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഗോവധ നിരോധന നിയമത്തിന്റെ സാധുത മുംബൈ ഹൈക്കോടതി ശരിവെച്ചിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിനായി ഒരു കമ്മീഷന്‍ രൂപവത്കരിക്കാനുള്ള നിര്‍ദേശത്തിന് മാര്‍ച്ചില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.