തിരുവനന്തപുരം: പ്രശസ്‌ത സംഗീത സംവിധായകന്‍ മുരളി സിത്താര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം പോസ്റ്റ് മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കും ശേഷം സംസ്കരിക്കും.
24 വര്‍ഷത്തോളം ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്പോസറായിരുന്നു. മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാനാന്റെ മകനായ മുരളി സിത്താര, യേശുദാസിന്റെ തിരുവനന്തപുരത്തെ തരംഗനിസരി സംഗീതസ്‌കൂളില്‍നിന്ന് കര്‍ണാടകസംഗീതവും വെസേ്‌റ്റണ്‍ വയലിനും പഠിച്ചു. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിതാര ഓര്‍ക്കസ്‌ട്രയില്‍ പ്രവര്‍ത്തിച്ചതിലൂടെയാണ് മുരളി സിത്താര എന്ന പേര് ലഭിക്കുന്നത്.
1991ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. എ ടോപ്പ് ഗ്രേഡ് ലഭിച്ച മുരളി സിത്താര, ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി. ശോഭനകുമാരിയാണ് ഭാര്യ. കീബോര്‍ഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുന്‍ മുരളി, വിപിന്‍ എന്നിവര്‍ മക്കളാണ്.